ADVERTISEMENT

തിരുവനന്തപുരം ∙ ജനങ്ങളെ അകറ്റുന്ന ശൈലി പാർട്ടി നേതാക്കൾ തിരുത്തണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റിയെന്നത് കേരളത്തിലെ പാർട്ടി പരിശോധിച്ച് വിലയിരുത്തിയതാണെന്നും കേന്ദ്ര കമ്മിറ്റി കണ്ടുപിടിച്ച പുതിയ രഹസ്യമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായ നിർദേശങ്ങൾ പാർട്ടിക്കാകെ ബാധകമായ കാര്യമാണ്. അതിൽ ഞങ്ങളെ ഒഴിവാക്കിയിട്ടില്ല. മുകൾത്തട്ടു മുതൽ താഴെ വരെയാണ്. മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയായാലും പൊളിറ്റ്ബ്യൂറോ അംഗമായാലും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തും. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ തന്നെയാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലുമുള്ളത്. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖ അടുത്ത സംസ്ഥാന കമ്മിറ്റിയിൽ തയാറാക്കും’ – അദ്ദേഹം പറഞ്ഞു.

നവകേരളസദസ്സിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ കയ്യേറ്റം ചെയ്തതിനെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വിശേഷിപ്പിച്ചതിനെയും പാർട്ടി സെക്രട്ടറി ന്യായീകരിച്ചു.

‘രക്ഷാപ്രവർത്തനം എന്നതൊക്കെ പദപ്രയോഗമാണ്. വണ്ടിയുടെ മുൻപിലേക്കു ചാടുന്നവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവർത്തനം എന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. അതിലെന്താണു തിരുത്താനുള്ളത്’– അദ്ദേഹം ചോദിച്ചു. കേരളത്തിലെ സിപിഎം ‘പൂതലിച്ചു’ എന്ന പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവന സംബന്ധിച്ച് അങ്ങനെയൊരു പദം പാർട്ടി റിപ്പോർട്ടിലില്ലെന്നും അതിന്റെ അർഥമെന്തെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികരണം. സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ ജയരാജനെ ന്യായീകരിക്കുകയും ചെയ്തു. ‘പി.ജയരാജൻ അതിൽ തെറ്റുകാരനല്ല. സ്വർണംപൊട്ടിക്കൽ ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ച പാർട്ടി അതിലുൾപ്പെട്ടവരെ ഒഴിവാക്കിയിട്ടുമുണ്ട്’– ഗോവിന്ദൻ വ്യക്തമാക്കി.

English Summary:

Suggestion for attitude correction was not meant for Pinarayi Vijayan says M.V. Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com