ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലയിലേക്കു നടത്തിയ മാർച്ചിനിടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഷട്ടർ തകർത്ത സംഭവത്തിൽ എസ്എഫ്ഐ ക്ഷമാപണം നടത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ ഷട്ടർ നന്നാക്കി നൽകാമെന്ന് ഉറപ്പും നൽകി. ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകാൻ സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. കെ.ആർ.ബൈജു, ഡോ. പി.എസ്.രാധാകൃഷ്ണൻ, ഡോ. ബീനാ മാത്യു, റജിസ്ട്രാർ ഡോ. കെ.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന സമിതിയെയും നിയോഗിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാർഥി സമരങ്ങൾ സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിലായി തടയാനും സിൻഡിക്കറ്റ് തീരുമാനിച്ചു. എസ്എഫ്ഐയുടെ പേരെടുത്തു പറയാതെ വിദ്യാർഥി സംഘടന എന്നു മാത്രമാണു സിൻഡിക്കറ്റ് തീരുമാനം അറിയിച്ചു പുറത്തിറക്കിയ സർക്കുലറിലുള്ളത്. 

കഴിഞ്ഞ മാസം 28ന് ആണ് എസ്എഫ്ഐ സർവകലാശാലയിലേക്കു മാർച്ച് നടത്തിയത്. പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഷട്ടർ തല്ലിത്തകർത്തിരുന്നു. സംഭവത്തിൽ അന്നു തന്നെ വൈസ് ചാൻസലറുമായി ചർച്ച നടത്തി എസ്എഫ്ഐ ക്ഷമാപണം അറിയിച്ചിരുന്നു. തുടർന്നു സർവകലാശാല കേസ് നൽകിയില്ല. പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു ഗാന്ധിനഗർ പൊലീസും അറിയിച്ചു. 

ഫീസ് വർധന പുനഃപരിശോധിക്കുക, 5 വർഷ ഇന്റഗ്രേറ്റഡ് വിദ്യാർഥികളുടെ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച് നടത്തിയത്. 

English Summary:

SFI apologizes for breaking the shutter of MG University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com