ADVERTISEMENT

തിരുവനന്തപുരം∙ കേരളപ്പെരുമ രാജ്യാന്തര തലത്തിൽ ബ്രാൻഡ് ചെയ്യാനെന്ന ലക്ഷ്യവുമായി കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം വീണ്ടും. ഇത്തവണ ഡിസംബറിൽ തിരുവനന്തപുരത്തു തന്നെ സംഘടിപ്പിക്കാനാണു തീരുമാനം. പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്കു നിർദേശം നൽകി.

സർക്കാർ ഫണ്ടിനൊപ്പം സ്പോൺസർഷിപ്പും സംഘടിപ്പിച്ചു നടത്തിയ ആദ്യ കേരളീയത്തിന്റെ കണക്ക് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച നിയമസഭാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരമില്ലായിരുന്നു.

കഴിഞ്ഞ തവണത്തെ മേളയിൽ പരിപാടി അവതരിപ്പിച്ച കലാകാരൻമാരുടെ പ്രതിഫലം ഉൾപ്പെടെ മൂന്നു കോടിയോളം രൂപ കുടിശികയുണ്ട്. വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ട് ഡസനോളം വേദികളിൽ സംഘടിപ്പിച്ച പരിപാടികളിൽ പ്രമുഖ കലാകാരൻമാരുടെ പ്രതിഫലം മാത്രമാണ് നൽകിയത്. നാടൻകലകളടക്കം അവതരിപ്പിച്ച കലാകാരൻമാർക്ക് ഇനിയും മുക്കാൽ കോടിയോളം രൂപയാണ് പ്രതിഫലമായും മറ്റു ചെലവിനത്തിലും നൽകാനുള്ളത്. പരിപാടിയുടെ റെക്കോർഡിങ് നടത്തിയതുൾപ്പെടെയുള്ള ചെലവുകളും കുടിശികയായതോടെ ഇതേറ്റെടുത്ത സാംസ്കാരിക സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. പ്രദർശനം സംഘടിപ്പിച്ച വകയിലുൾപ്പെടെ കരാറുകാർക്കും വൻ തുക നൽകാനുണ്ട്.

സ്പോൺസർമാരെ സംഘടിപ്പിച്ച മികവിന് സംസ്ഥാന ജിഎസ്ടി വകുപ്പ് മേധാവിയെ സർക്കാർ ആദരിച്ചതും വിവാദമായി.

കഴിഞ്ഞ വർഷം ഓണം വാരാഘോഷം സംഘടിപ്പിച്ച് അധികം കഴിയും മുൻപേയാണു കേരളപ്പിറവിയോട് അനുബന്ധിച്ച് കേരളീയം മേളയും നടന്നത്. ഇത്തവണ ഡിസംബറിൽ ക്രിസ്മസ്– പുതുവർഷ ആഘോഷത്തിന്റെ ഭാഗമായിട്ടാകും മേള. കേരളീയം, നവകേരള സദസ്സ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവയ്ക്കുകയും സർക്കാരും എൽഡിഎഫും ഏറ്റെടുത്തു നടപ്പാക്കുകയും ചെയ്ത ആശയങ്ങളായിരുന്നു.

English Summary:

Keraleeyam to take place in Thiruvanathapuram in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com