ADVERTISEMENT

കോഴിക്കോട്  ∙ പിഎസ്‍സി അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണത്തിൽ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ നേതാവുമായ പ്രമോദ് കോട്ടൂളി പാർട്ടി ജില്ലാ നേതൃത്വത്തിനു വിശദീകരണം നൽകി. ആരോപിക്കുന്നതു പോലെയുള്ള സംഭവം ഉണ്ടായിട്ടില്ലെന്നും പരാതി ഉയർന്നതിനു പിന്നിൽ ചില ശത്രുക്കളാണെന്നുമാണു മറുപടി. ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും വളരെ സാധാരണ രീതിയിൽ ജീവിക്കുന്ന ആളാണെന്നും സ്വത്തു വിവരങ്ങൾ പാർട്ടിക്കു പരിശോധിക്കാമെന്നും മറുപടിയിൽ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും നടപടി വേണോ എന്ന കാര്യം നാളെ ചേരുന്ന ജില്ലാ കമ്മിറ്റി തീരുമാനിക്കും.

രണ്ടു ദിവസം മുൻപു ചേർന്ന ജില്ലാ സെക്രട്ടേറിയറ്റാണ് പ്രമോദിനോടു വിശദീകരണം തേടിയത്. എന്നാൽ, പിഎസ്‍സി അംഗത്വത്തിനു കോഴ വാങ്ങിയിട്ടില്ലെന്നും നടന്നതു മറ്റു ചില ഇടപാടുകളാണ് എന്നുമുള്ള തരത്തിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണു സിപിഎം നീക്കം. പരാതിക്കാർക്കു പണം തിരികെ നൽകി, നിയമനടപടിയുമായി മുന്നോട്ടു പോകില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ പിഎസ്‍സിയിലെ അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണം സിപിഎമ്മിനു വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അതിനാൽ, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണു തുടക്കം മുതൽ ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. പിന്നീടു സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം വന്നതോടെയാണ് അന്വേഷണം നടത്തിയതും പ്രമോദിൽ നിന്നു വിശദീകരണം തേടിയതും. 

ആയുഷ് മിഷനിലെ സ്ഥലംമാറ്റത്തിനു മാത്രമായി 20 ലക്ഷത്തോളം രൂപ ആരെങ്കിലും നൽകുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്. പരാതിക്കാർ തന്റെ പേര് ഉന്നയിച്ചതോടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് തന്നെയാണു സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയത്. തുടർന്നാണു ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. പിഎസ്‍സി അംഗത്വത്തിനല്ലെങ്കിൽ പിന്നെ എന്തിനാണു പണം നൽകിയത് എന്നതിനും പാർട്ടി നേതൃത്വം വ്യക്തമായ ഉത്തരം പറയുന്നില്ല.

English Summary:

CPM clarification for PSC membership bribery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com