ADVERTISEMENT

കോട്ടയം ∙ ഒസി എന്ന രണ്ടക്ഷരത്തിൽ സ്നേഹവും കരുതലും കാത്തുവച്ച ഒരു മനുഷ്യന്റെ ജീവിതച്ചില്ലയിലേക്കു പറക്കാൻ തയാറാണോ? കോട്ടയം മാമ്മൻ മാപ്പിള ഹാളിലേക്കു വരൂ. ഉമ്മൻ ചാണ്ടിയെപ്പറ്റിയുള്ള ഓർമകളുടെ പക്ഷികൾ ഈ ചില്ലയിൽ ചേക്കേറുന്നതു കാണാം. പുതുപ്പള്ളിയിൽ ജനിച്ച് ആഗോള മലയാളത്തിന്റെ സ്വന്തമായി മാറിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ അപൂർവനിമിഷങ്ങളുടെ ചിത്രങ്ങൾ ചേർത്തു വച്ചൊരുക്കിയ ഫോട്ടോ പ്രദർശനം ഇന്നു മാമ്മൻ മാപ്പിള ഹാളിൽ ആരംഭിക്കും. സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് കോട്ടയം സന്ദർശിച്ചപ്പോൾ അഖില കേരള ബാലജന സഖ്യത്തിന്റെ ഓണററി അംഗത്വം സ്വീകരിച്ച് ഒപ്പുവയ്ക്കുന്ന ചിത്രത്തിൽ കൗമാരക്കാനായ ഉമ്മൻ ചാണ്ടിയെ കാണാം. അന്ന് ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മൻ ചാണ്ടി. 1961ലായിരുന്നു ഇത്. 68ൽ കൊല്ലത്തു കെഎസ്‌യു സംസ്ഥാന സമ്മേളന സമയത്ത് പൊടിമീശക്കാരൻ ഉമ്മൻ ചാണ്ടി മറ്റു നേതാക്കളോടൊപ്പം നിൽക്കുന്നു. 

1970ലെ തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോസ്റ്ററിനായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ഉമ്മൻ ചാണ്ടി, കൊക്കോയുടെയും റബറിന്റെയും കശുവണ്ടിയുടെയും വിലയിടിവുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാൻ ഡൽഹിയിലേക്ക് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നേതൃത്വത്തിൽ പോകുന്ന സർവകക്ഷി സംഘത്തിലെ ഉമ്മൻ ചാണ്ടി, മുണ്ടു മടക്കിക്കുത്തി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കുശലം പറയുന്ന ഉമ്മൻ ചാണ്ടി... ഇങ്ങനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വളർച്ചയുടെ ഘട്ടങ്ങൾ...  ജനസമ്പർക്ക പരിപാടിയിൽ നാടിനു താങ്ങാകുന്നത്, ജനസാഗരത്തിൽ അലഞ്ഞ്, അലിഞ്ഞു ജീവിച്ചത്... ഒടുവിൽ നാടിന്റെ വികാരവായ്പിനു നടുവിലൂടെ പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്ര...  സ്നേഹവും കരുണയും കരുതലും ചേർന്ന് പിറവിയെടുത്ത ജനനേതാവിന്റെ ജീവിതം  ഫ്രെയിമുകളിൽ കണ്ടറിയാം. 

മലയാള മനോരമ ഫൊട്ടോഗ്രഫർമാർ ഉൾപ്പടെയുള്ളവർ പകർത്തിയ 363 ചിത്രങ്ങളുടെ പ്രദർശനം ഇന്നു വൈകിട്ട് 5ന് മാമ്മൻ മാപ്പിള ഹാളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. പ്രദർശനം രാവിലെ 9 മുതൽ രാത്രി 9 വരെ. 20നു സമാപിക്കും.

English Summary:

Oommen Chandy's photo exhibition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com