ADVERTISEMENT

‘ഉള്ളിലിരുന്ന് നയിക്കുന്നുണ്ട്...’: ചാണ്ടി ഉമ്മൻ എംഎൽഎ

അപ്പ മരിച്ചില്ലായിരുന്നെങ്കിൽ... കൈപിടിച്ച് കൂടെയുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതല്ലല്ലോ. അപ്രതീക്ഷിതമായി നാമനിർദേശവും നൽകേണ്ടി വന്നു. നയിക്കാൻ രക്ഷിതാവ് കൂടെ ഉള്ളപ്പോൾ നമ്മൾ ഒന്നും അറിയേണ്ട. അങ്ങനെയൊരു ഗൈഡൻസ് ആഗ്രഹിച്ചു. എന്തു പറയണം, എന്ത് ചെയ്യണം, എങ്ങനെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണം എന്നെല്ലാം ആശയക്കുഴപ്പമുണ്ടാകുമ്പോഴൊക്കെ അപ്പയിലേക്ക് നോക്കുമായിരുന്നു. പിന്നെപ്പിന്നെ അദ്ദേഹം ഇപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസം ഉള്ളിൽ ബലപ്പെട്ടു. എന്റെ ഉള്ളിലിരുന്ന് എന്തെല്ലാമോ അപ്പ ചെയ്യുന്നതുപോലെയാണിപ്പോൾ തോന്നുന്നത്. 

അദ്ദേഹത്തിന്റെ അദൃശ്യ ശക്തി എപ്പോഴും ഉണ്ടെന്നു തോന്നിയിട്ടുണ്ട്. കഴിഞ്ഞദിവസവും അതു കണ്ടു. യുഡിഎഫിന് ഇവിടെ 2 പഞ്ചായത്തിൽ മാത്രമാണു ഭരണമുണ്ടായിരുന്നത്. മൂന്നാമത് ഒന്നുകൂടി വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതൊരു ആവശ്യമായിരുന്നു. കൂരോപ്പട പഞ്ചായത്തിലെ ഒരംഗം കോൺഗ്രസിൽ ചേരാൻ സന്നദ്ധനായി. കോൺഗ്രസാണ് ഏറ്റവും യോജിച്ച പാർട്ടിയെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കൂരോപ്പടയിൽ അപ്പയുടെ പേരിൽ സ്പോർട്സ് ഹബ് തുടങ്ങാൻ തയാറെടുക്കുമ്പോഴാണ് ഇക്കാര്യങ്ങൾ നടക്കുന്നത്. അപ്പയുടെ ഒന്നാം ചരമവാർഷിക സമയത്തുതന്നെ ഇങ്ങനെ ഒരു പഞ്ചായത്തിൽക്കൂടി ഭരണം നേടാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ അനുഗ്രഹമായേ കാണാൻ കഴിയൂ.

രാഷ്ട്രീയം ഇഷ്ടപ്പെടാൻ കാരണം രാജീവ് ഗാന്ധിയും അപ്പയുമാണ്. വീടു നിറച്ച് ആളുകളെ കണ്ടാണ്, അവരുടെ ഇടയിലാണ് ഞങ്ങൾ വളർന്നത്. അപ്പ യാത്ര ചെയ്തിരുന്ന രീതി, ദൂരം, സമയം ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്. ആളുകളെ സഹായിക്കാൻ എത്രദൂരം വേണമെങ്കിലും ഏതു സമയത്തും ഇറങ്ങിപ്പുറപ്പെടുമായിരുന്നു. രാത്രിയോ പകലോ ഒന്നും പ്രശ്നമല്ല. 2011 ൽ ഒരിക്കൽ രാത്രി 2 മുതൽ പുലർച്ചെ 5 വരെ ഫോണിൽ ഒരാൾ വിളിച്ചു സംസാരിക്കുന്നതു കണ്ടു. എന്തൊക്കെയോ പരിഭവങ്ങളാണ് അയാൾ പറയുന്നത്. അർധരാത്രിക്കു ശേഷം, ലോകം മുഴുവൻ ഉറങ്ങുമ്പോൾ 3 മണിക്കൂർ ക്ഷമയോടെ കാര്യങ്ങൾ കേട്ട് ആശ്വസിപ്പിച്ചു നിൽക്കുകയായിരുന്നു അപ്പ. ആ ചിത്രമാണ് എന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നത്.  

‘ഒരു ഫോൺവിളിയുടെ അറ്റത്ത് ഉണ്ടായിരുന്നെങ്കിൽ...’: അച്ചു ഉമ്മൻ

എനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായ സമയം. ഒന്നു ഫോണെടുത്ത് സംസാരിക്കാൻ അങ്ങേത്തലയ്ക്കൽ അപ്പയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി. മുൻപ് അങ്ങനെ വിളിക്കുമ്പോൾ ആശ്വാസം ലഭിക്കാതെ ഒരു തവണ പോലും ഫോൺ വയ്ക്കേണ്ടി വന്നിട്ടില്ല. സൈബർ ആക്രമണം നേരിട്ടപ്പോൾ ഞാൻ പലരെയും വിളിച്ചെങ്കിലും ഒരു വ്യക്തത കിട്ടിയില്ല. അപ്പോൾ ഞാൻ അപ്പ നൽകിയിരുന്ന കരുത്ത് തിരിച്ചറിഞ്ഞു. അപ്പയുടെ കല്ലറയിൽ പോയി പ്രാർഥിച്ചപ്പോഴാണ് ആശ്വാസം ലഭിച്ചത്. പിന്നെ ആ ശക്തിയിൽ, ഉറച്ച നിലപാടുകൾ സ്വീകരിച്ചു. 

ഒരിക്കൽ ദുബായിൽ നിന്നു ഞാൻ വിലപിടിപ്പുള്ള ഒരു സ്പ്രേ കൊണ്ടുവന്നു. അപ്പ പുറത്തേക്കു പോകാൻ തയാറെടുക്കുമ്പോൾ ഷർട്ടിൽ അത് അടിച്ചു കൊടുത്തു. എന്തിനാ ചെയ്തതെന്ന് അപ്പ ചോദിച്ചു. ആഗ്രഹം കൊണ്ട് അടിച്ചതാണെന്ന് ഞാൻ പറഞ്ഞിട്ടും അപ്പ സമ്മതിച്ചില്ല; അപ്പ വീണ്ടും മുറിക്കകത്ത് പോയി, ആ ഷർട്ട് മാറ്റി വേറൊരെണ്ണം ഇട്ടുകൊണ്ടുവന്നു. എന്തിനാണ് ഈ കടുംപിടുത്തം എന്നെനിക്കു തോന്നി. തിരിച്ചെത്തിയപ്പോൾ അപ്പ പറഞ്ഞു: സാധുക്കളുടെ അടുത്തേക്കാണു ഞാൻ പോകുന്നത്. ഇത്രയും വലിയ മണം ഒക്കെ അടിച്ചു പോയാൽ അവർക്ക് എന്റെ അടുത്തേക്ക് വരാൻ മടി തോന്നും..! എന്റെ കണ്ണുനിറഞ്ഞു.

ഒരിക്കൽ ഞാൻ വീട്ടിൽ നിന്നിറങ്ങാൻ 15 മിനിറ്റ് വൈകി. അപ്പ അത്രയും സമയം കാത്തു നിന്നു. കാറിൽവച്ച് അപ്പ പറഞ്ഞു: രണ്ടിടത്ത് കാത്തിരിക്കുന്നത് നാനൂറോളം പേരാണെന്നും അവരുടെ ജീവിതത്തിലെ 15 മിനിറ്റാണ് നമ്മൾ നഷ്ടപ്പെടുത്തിയതെന്നും. എനിക്ക് അതൊരു വലിയ തിരിച്ചറിവായിരുന്നു. ഇപ്പോഴും അപ്പയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും നന്മ പറഞ്ഞുകേൾക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല.

‘ഒപ്പമുണ്ട് എന്ന വിശ്വാസം’: ഡോ. മറിയ ഉമ്മൻ

നിയമസഭയിൽ എന്നെ വ്യക്തിപരമായി ആക്ഷേപിച്ച സമയത്ത് എനിക്ക് അതൊരു വലിയ സംഭവമായി തോന്നിയില്ല. എന്നാൽ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പുകാലത്ത് സൈബർ ആക്രമണം നേരിട്ടപ്പോൾ ഞാൻ വല്ലാതെ ഉലഞ്ഞുപോയി. ഈ രണ്ട് അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണെന്നോ? ആദ്യ സമയത്ത് അപ്പയെന്ന കരുതൽ ഉണ്ടായിരുന്നു. രണ്ടാമത്തെ സമയത്ത് അപ്പയില്ല. 

വീടിനു വെളിയിലേക്ക് ഇറങ്ങിയാൽ പല പ്രാവശ്യം അപ്പ ഫോണിൽ വിളിക്കുമായിരുന്നു. ഞാൻ ഇത്രയും വലുതായിട്ടും എന്താ അപ്പ ഇങ്ങനെ എന്ന് അന്നൊക്കെ നീരസം തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അങ്ങനെ വിളിക്കാൻ ആളില്ലെന്ന സത്യം അറിയുന്നു. എൻജിനീയറിങ്ങിനു മംഗലാപുരത്ത് പഠിക്കാൻ പോയ 4 വർഷം ഒഴികെ ബാക്കിയെല്ലാക്കാലവും അപ്പയോടൊത്തു കഴിഞ്ഞതാണു ഞാൻ.

ആളുകളോടുള്ള അപ്പയുടെ കരുതൽ കണ്ടാണു വളർന്നത്. അടുത്ത കാലത്ത് മകൻ എഫിനോവ ദുബായിലേക്ക് പോയി. വിമാനത്താവളത്തിനു വെളിയിൽ ഒറ്റയ്ക്കു നിന്നപ്പോൾ എനിക്ക് പെട്ടെന്ന് അപ്പയെ ഓർമ വന്നു, സങ്കടം വന്നു. മുൻപ് എല്ലാ സൗകര്യങ്ങളും അപ്പാ ഫോണിലൂടെ വിളിച്ച് ഒരുക്കിയിരിക്കും. അപ്പയില്ലാതെ ഓണം, ക്രിസ്മസ് എല്ലാം വന്നു. ഞങ്ങളുടെ ഒരുവർഷം കടന്നുപോയി. എങ്കിലും അപ്പ ഒപ്പമുണ്ട് എന്നു വിശ്വസിക്കാനാണിഷ്ടം. 

English Summary:

Chandy Oommen Maria Oommen and Achu Oommen about Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com