ADVERTISEMENT

മണിപ്പാൽ (കർണാടക) ∙ ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ. എം.എസ്.വല്യത്താൻ (90) വിടവാങ്ങി. ഉഡുപ്പി മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ ആദ്യ വൈസ് ചാൻ‍സലറാണ്. ഇന്ത്യയിൽ ആദ്യമായി കൃത്രിമ ഹൃദയവാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനേറ്റർ എന്നിവ നിർമിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 

മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിൽ ബുധനാഴ്ച രാത്രി 9.14 ന് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ രാവിലെ 9.30ന് ഉഡുപ്പി ബീഡിന ഗുഡ്ഡൈ ശ്മശാനത്തിൽ നടത്തി. മണിപ്പാൽ ദശരഥ് നഗറിലെ ‘അഷിമ കുടീരം’ വീട്ടിലായിരുന്നു താമസം. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അദ്ദേഹത്തെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊതുദർശനം പാടില്ലെന്നു ഡോ. വല്യത്താൻ നിർദേശിച്ചിരുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളു.

മാവേലിക്കര രാജകുടുംബത്തിലെ മാർത്താണ്ഡവർമയുടെയും ജാനകിയമ്മയുടെയും മകനായി 1934 മേയ് 24നു ജനിച്ച മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ (എം.എസ്.വല്യത്താൻ) തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യബാച്ചുകാരനായി ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടി. യുകെയിലും യുഎസിലും ഉപരിപഠനം നടത്തി. ലോകത്തെ ആദ്യത്തെ തുറന്ന ഹൃദയശസ്ത്രക്രിയ നടത്തിയ അമേരിക്കൻ സർജൻ ഡോ. ജോൺ ഹെയ്ഷാം ഗിബ്ബൺ, ആദ്യ കൃത്രിമ ഹൃദയവാൽവ് വികസിപ്പിച്ച ഡോ. ചാൾസ് എ.ഹഫ്നഗർ അടക്കമുള്ള പ്രമുഖരോടൊപ്പം ജോലി ചെയ്യുമ്പോഴാണ് 1974 ൽ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിപ്പടുക്കാനുള്ള ചുമതലയേറ്റത്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീചിത്രയിൽ തദ്ദേശീയമായി നിർമിച്ച ഉപകരണങ്ങളാണ് രാജ്യത്തെ ഹൃദ്രോഗ ചികിത്സയുടെ ചെലവ് ഗണ്യമായി കുറച്ചത്. ശ്രീചിത്രയിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കും ആദ്യ കൃത്രിമ ഹൃദയവാൽവ് ഘടിപ്പിക്കലിനും നേതൃത്വം നൽകി. ശ്രീചിത്രയുടെ വാൽവുകൾ ഇതിനകം 2 ലക്ഷത്തോളം പേരുടെ ഹൃദയത്തിന്റെ ഭാഗമായി മാറി. 

ദേശീയ ശാസ്ത്ര അക്കാദമി അധ്യക്ഷനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഉപാധ്യക്ഷനുമായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും പഠിച്ച അദ്ദേഹം ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം എന്നിവയ്ക്ക് ഇംഗ്ലിഷ് പുനരാഖ്യാനം തയാറാക്കി. ആയുർവേദ ബയോളജി എന്ന ശാസ്ത്രശാഖയ്ക്കു തുടക്കമിട്ടതും അദ്ദേഹമാണ്. 2005ൽ പത്മവിഭൂഷൺ ലഭിച്ചു.

നൂറിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യൻ സയൻസ് അക്കാദമിയുടെ ധന്വന്തരി പ്രൈസ്, ഓംപ്രകാശ് ഭാസിൻ ദേശീയ അവാർഡ്, ആർ.ഡി.ബിർല അവാർഡ്, ജവാഹർലാൽ നെഹ്റു പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു.  ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പദവിയും ലഭിച്ചിട്ടുണ്ട്.

മണിപ്പാൽ സർവകലാശാലയിലെ ഓർത്തോഡോന്റിക്സ് റിട്ട. പ്രഫസറും പഞ്ചാബ് സ്വദേശിയുമായ ഡോ. അഷിമയാണു ഭാര്യ. മക്കൾ: ഡോ. മനീഷ് (ഡെന്റൽ സ്കൂൾ അസോഷ്യേറ്റ് പ്രഫസർ, ക്ലീവ്‌ലൻഡ് കെയ്സ് വെസ്റ്റേൺ റിസർവ് സർവകലാശാല, യുഎസ്), ഡോ. മന്ന വല്യത്താൻ (പതോളജി റിട്ട. പ്രഫസർ, മണിപ്പാൽ സർവകലാശാല), മരുമക്കൾ: മാധവി, ഡോ.സുരേഷ് പിള്ള (ഇഎൻടി പ്രഫസർ, മണിപ്പാൽ സർവകലാശാല).

English Summary:

Renowned Cardiac Surgeon Dr. MS Valiathan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com