ബിലീഷിന്റെ ഹൃദയം കൊണ്ട് കുമാരന്റെ ബിഗ് സല്യൂട്ട്
Mail This Article
കോഴിക്കോട് ∙ മലപ്പുറം സ്പെഷൽ പൊലീസിലെ (എംഎസ്പി) 1999 ബാച്ചുകാർ ഒത്തുചേർന്നെഴുതി, ഹൃദയബന്ധത്തിന്റെ വലിയൊരു മാതൃക. സഹപ്രവർത്തകന്റെ ഹൃദയം മാറ്റിവച്ചു ജീവിതത്തിലേക്കു കൈപിടിച്ചു നടത്തുകയാണവർ. അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബവും കാക്കിക്കുള്ളിലെ സുമനസ്സുകളും ആശുപത്രിയും ഒന്നിച്ചു നിന്നപ്പോൾ മരണത്തിന്റെ വക്കിൽ നിന്നു തിരിച്ചെത്തിയ എന്നിയാടൻ കുമാരനും (50) ഭാര്യ കുഞ്ഞിമോളും ഊഷ്മളമായ ഹൃദയത്തുടിപ്പാൽ എല്ലാവരെയും ചേർത്തുപിടിക്കുന്നു.
കണ്ണൂർ പേരാവൂരിലെ ഗ്രേഡ് എസ്ഐ ആയ ഇ.കുമാരന് ആറു വർഷം മുൻപാണു ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയത്. രണ്ടു തവണ ആൻജിയോപ്ലാസ്റ്റി ചെയ്തിട്ടും ഭേദമായില്ല. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്നു വൈദ്യശാസ്ത്രവും വിധിയെഴുതി. നാലു മാസം മുൻപു മേയ്ത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുമാരന്റെ ചികിത്സയ്ക്കു സാമ്പത്തിക പ്രശ്നങ്ങളായിരുന്നു മുഖ്യ തടസ്സം.
കുമാരനൊപ്പം 1999 എംഎസ്പി ബാച്ചിലുണ്ടായിരുന്ന നടക്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.മഹേഷ് ബാബുവും വിരമിച്ച പ്രകാശൻ പയ്യോളിയും കൂട്ടുകാരനെ സഹായിക്കുന്ന ദൗത്യം ഏറ്റെടുത്തു. സഹപ്രവർത്തകർക്കിടയിലും പൊലീസുകാരുടെ വാട്സാപ് കൂട്ടായ്മയിലും അറിയിച്ചതോടെ ധനസഹായം എത്തിത്തുടങ്ങി. 23 ലക്ഷത്തോളം രൂപ ഇവർ സ്വരൂപിച്ചു നൽകി. സർക്കാരിന്റെ മെഡിസെപ്പിൽ നിന്ന് 15 ലക്ഷവും ലഭിച്ചു. ഒപ്പം ആശുപത്രിയുടെ ഇളവുകളും കിട്ടിയതോടെ സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരമായി.
മാർച്ച് 22ന് പക്ഷാഘാതത്തെ തുടർന്ന് മസ്തിഷ്കമരണം സ്ഥിരീകരിച്ച ടി.വി.ബിലീഷിന്റെ (50) കുടുംബം അവയവദാനത്തിനു തയാറായതു കുമാരന് അനുഗ്രഹമായി. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന ബിലീഷ് മറ്റൊരാളിലൂടെ ജീവിക്കുന്നതു കാണാമെന്നതായിരുന്നു വീട്ടുകാരുടെ സന്തോഷം. 23ന് ബിലീഷിന്റെ ഹൃദയം കുമാരനിൽ മിടിച്ചുതുടങ്ങി. പേരാവൂർ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണു കുമാരൻ വീണ്ടും ഡ്യൂട്ടിക്കെത്തിയത്. ഡോ.മുരളി വെട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.