ശക്തമായ ഒഴുക്കിൽപ്പെട്ട് നാലംഗ കുടുംബം; ജീവൻ കാത്ത് രക്ഷാസേന
Mail This Article
ചിറ്റൂർ (പാലക്കാട്) ∙ കുതിച്ചൊഴുകുന്ന പുഴയ്ക്കു വിട്ടുകൊടുക്കാതെ അഗ്നിരക്ഷാസേന അവരുടെ കൈപിടിച്ചു. പുഴയുടെ നടുവിലെ പാറയിൽ കുടുങ്ങിയ മൈസൂരു സ്വദേശികളായ നാലംഗ കുടുംബത്തെ ആശ്വാസതീരത്തെത്തിച്ചു. മൈസൂരു ഹുൻസൂർ സ്വദേശികളായ കെ.ലക്ഷ്മണൻ (70), ഭാര്യ ദേവി (65), മകൻ സുരേഷ് (31), ലക്ഷ്മണന്റെ ചെറുമകൻ ബി.വിഷ്ണു (19) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്കു ചിറ്റൂർ പുഴയിലെ നറണി–ആലാംകടവ് കോസ്‌വേയ്ക്കു താഴെയുള്ള തടയണയുടെ സമീപത്തെ പാറയിൽ കുടുങ്ങിയത്. മീൻ പിടിച്ചും വല നെയ്തു വിറ്റും ഉപജീവനം നടത്തുന്നവരാണ് ഇവർ.
ആളിയാർ ഡാമിൽനിന്നു വെള്ളം തുറന്നുവിടുമെന്ന മുന്നറിയിപ്പ് ഇവർ അറിഞ്ഞിരുന്നില്ല. മീൻപിടിക്കാനും തുണി അലക്കാനുമായി പുഴയിലെ ആഴം കുറഞ്ഞ ഭാഗത്തേക്കു പോയതായിരുന്നു. കുത്തൊഴുക്കിൽ നിന്നു രക്ഷപ്പെട്ട് ഓടി പാറയിൽ കയറി നിന്നു. ഈ സമയത്ത് ഇതുവഴിവന്ന പൊലീസ് ഇവരോടു പുഴയിൽ ഇറങ്ങരുതെന്നു നിർദേശം നൽകി അഗ്നിരക്ഷാസേനയെ വിവരമറിച്ചു.
ചിറ്റൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ പാഞ്ഞെത്തി പുഴയിലിറങ്ങിയെങ്കിലും ശക്തമായ ഒഴുക്കുമൂലം ഇവരുടെ അടുത്തെത്താനായില്ല. ആദ്യം വടം എറിഞ്ഞു കൊടുത്ത സേനാംഗങ്ങൾ കുത്തൊഴുക്കിനെ മറികടന്നു പാറയിലെത്തി ലക്ഷ്മണനെയും കുടുംബത്തെയും സുരക്ഷാ ഉപകരണങ്ങൾ അണിയിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു.