ADVERTISEMENT

കേരളത്തിൽ കാലവർഷം ശക്തമായി തുടരുമ്പോൾ, ഇതുമായി ബന്ധപ്പെട്ട അപകടങ്ങളിൽ വിവിധ ജില്ലകളിലായി 8 പേർ മരിച്ചു. ഒരാളെ കാണാതായി. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമർദമായി മാറും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

മഴക്കെടുതിയിൽ ഇന്നലെ മാത്രം 8 പേർ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിൽ വീടിന്റെ ചുമരിടിഞ്ഞു വീണു കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ സുലോചന (54), മകൻ രഞ്ജിത് (31), വെള്ളക്കെട്ടിൽ വീണ് കണ്ണൂർ പാനൂർ ഒളവിലം മേക്കരവീട്ടിൽ താഴെക്കുനി കെ.ചന്ദ്രശേഖരൻ (62), കാസർകോട് മധൂരിൽ ഷോക്കേറ്റ് കുദ്രപ്പാടി ഗോപാലഗെട്ടിയുടെ ഭാര്യ ഹേമാവതി (50), പുല്ലു ചെത്താൻ പോയപ്പോൾ ഷോക്കേറ്റു പത്തനംതിട്ട തിരുവല്ല മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48), കാറ്റിൽ ആൽമരം കടപുഴകി കാറിന് മുകളിലേക്കു വീണ് വിതുര ആനപ്പെട്ടി സ്വദേശിനി മോളി (42) എന്നിവരാണ് മരിച്ചത്. മലപ്പുറം മേലാറ്റൂരിൽ ശനിയാഴ്ച ഒഴുക്കിൽപെട്ടു കാണാതായ പാലക്കാട് അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽവീട്ടിൽ യൂസുഫിന്റെ (55) മൃതദേഹം ഇന്നലെ കണ്ടെത്തി. മാറാക്കര ‌യുപി സ്കൂളിനു സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മേൽമുറി മുക്കിലപ്പീടിക സ്വദേശി ബൈജു (33) മുങ്ങി മരിച്ചു. 

പാലക്കാട് ചിറ്റിലഞ്ചേരി ചീനാമ്പുഴയിൽ ഒഴുക്കിൽപ്പെട്ട മുതുകുന്നി ആണ്ടിത്തറ പുത്തൻവീട്ടിൽ രാജേഷിനെയാണ് (42) കാണാതായത്. സംസ്ഥാനത്താകെ 14 ക്യാംപുകളിലായി 224 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 97 വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിഞ്ഞതിനെ തുടർന്നു കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ് റോഡിൽ മൂന്നാർ മുതൽ പൂപ്പാറ വരെയുള്ള ഗതാഗതം വിലക്കി.

English Summary:

Wind havoc took 8 lifes in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com