കൊല്ലം – ചെങ്കോട്ട, അങ്കമാലി – കുണ്ടന്നൂർ ദേശീയപാത: ജിഎസ്ടി, റോയൽറ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി
Mail This Article
തിരുവനന്തപുരം ∙ കൊല്ലം – ചെങ്കോട്ട (എൻഎച്ച് 744), ദേശീയപാത 544 ലെ അങ്കമാലി – കുണ്ടന്നൂർ (എറണാകുളം ബൈപാസ്) റോഡുകളുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. 741.36 കോടി രൂപയുടെ വരുമാനമാണ് സർക്കാർ വേണ്ടെന്നു വയ്ക്കുന്നത്. ഈ രണ്ടു പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25% സംസ്ഥാനം നൽകണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാൽ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിനു ശേഷം ഉത്തരവിറങ്ങിയത്.
എൻഎച്ച് 544 ലെ തിരക്ക് ഒഴിവാക്കാൻ അങ്കമാലി മുതൽ കുണ്ടന്നൂർ വരെ 44.7 കിലോമീറ്ററിലാണ് ബൈപാസ് നിർമിക്കുന്നത്. ഈ പാതയ്ക്കു മാത്രം സംസ്ഥാനത്തിനു ലഭിക്കേണ്ട 424 കോടി രൂപ നഷ്ടമാകും. കൊല്ലം– ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയിൽ സംസ്ഥാനത്തിന്റെ അതിർത്തി വരെ 61.62 കിലോമീറ്റർ ഭാഗം നിർമിക്കുന്നതിന്റെ ഭാഗമായി ലഭിക്കേണ്ട ജിഎസ്ടി, റോയൽറ്റി എന്നിവ ഒഴിവാക്കുന്നതിലൂടെ 317.35 കോടി രൂപയും നഷ്ടമാകും. ഈ ഉത്തരവോടെ ദേശീയപാത നിർമാണത്തിന്റെ വേഗം കൂടുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.