പകർച്ചവ്യാധി പ്രതിരോധം; ആരോഗ്യവകുപ്പിന് എതിരെ വിദഗ്ധർ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്നും രോഗക്കണക്കുകൾ പൂഴ്ത്തുകയാണെന്നും ആരോഗ്യ വിദഗ്ധർ വിമർശിച്ചു. സിപിഎം അംഗവും മുൻ ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ബി.ഇക്ബാൽ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകനും പ്രശസ്ത പൊതുജനാരോഗ്യ ഗവേഷകനുമായ ഡോ. വി.രാമൻകുട്ടി, രാജ്യാന്തര ആരോഗ്യ ഏജൻസികളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഭാരവാഹി ഡോ. എസ്.എസ്.ലാൽ എന്നിവരാണു പരസ്യമായി രംഗത്തുവന്നത്.
പകർച്ചവ്യാധികളുടെയും അല്ലാത്ത രോഗങ്ങളുടെയും ഇരട്ടഭാരം പേറുന്ന സമൂഹമായി കേരളം മാറിയെന്നാണ് ഡോ. ബി.ഇക്ബാലിന്റെ വിമർശനം. പ്രമേഹം, രക്താതിമർദം, കാൻസർ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ വർധിച്ചുവരുന്നു. പകർച്ചവ്യാധികൾ കൂടിയാകുമ്പോൾ പ്രശ്നം രൂക്ഷമാകും. ഇതു പ്രതിരോധിക്കുന്നതിനു കർമപദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആരോഗ്യ മാനേജ്മെന്റിനെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ലെന്നാണു ഡോ. വി.രാമൻകുട്ടിയുടെ അഭിപ്രായം. വളരെ മികച്ചതെന്ന് അവകാശപ്പെടുന്ന ആരോഗ്യ സംവിധാനത്തിനു ചേർന്ന കാര്യങ്ങളല്ല നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരെ കാണാത്തത് എന്തുകൊണ്ടാണെന്നു ഡോ. എസ്.എസ്.ലാൽ ചോദിച്ചു. ഈ വർഷം പകർച്ചവ്യാധികൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് എന്തു മുൻകരുതൽ എടുത്തെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ വിദഗ്ധൻ ആന്റണി ഫൗച്ചിയുടെ കൂടെയാണ് യുഎസിൽ ട്രംപ് പോലും മാധ്യമങ്ങളെ കണ്ടിരുന്നത്. ട്രംപിന്റെ പല മണ്ടത്തരങ്ങളും തിരുത്തിയത് ആന്റണി ഫൗച്ചിയാണ്. ട്രംപിനെയെങ്കിലും വീണ മാതൃകയാക്കണം.- എസ്.എസ്.ലാൽ
വിവരങ്ങൾ ജനങ്ങളെ അറിയിക്കണം
∙പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അതെക്കുറിച്ചു മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തി പ്രതിരോധം ശക്തമാക്കണമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിർദേശം. പക്ഷേ, കേരളത്തിൽ അടുത്ത കാലത്തായി വിവരങ്ങളൊന്നും പുറത്തുവിടാറില്ല. നെയ്യാറ്റിൻകരയിൽ ഒരാളുടെ മരണത്തിനു വരെ കാരണമാകുംവിധം കോളറ വ്യാപിച്ചു. ഇതുവരെ രോഗവിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മാധ്യമങ്ങളും ആരോഗ്യ വകുപ്പിലെ വിദഗ്ധരും വിവരങ്ങൾ ചോദിച്ചാൽ കൈമലർത്തുന്നു. മാലിന്യനീക്കത്തിൽ തദ്ദേശ വകുപ്പിനു സംഭവിക്കുന്ന പിഴവുകളും പകർച്ചവ്യാധികൾക്കു കാരണമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.