ADVERTISEMENT

തിരുവനന്തപുരം ∙ വാഴ നനയുമ്പോൾ ചീരയും നനയുമല്ലോ എന്നതായിരുന്നു മോദി സർക്കാരിന്റെ എല്ലാ ബജറ്റുകളിലും കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ, ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ഇത്തവണത്തെ ബജറ്റ് കേരളത്തെ പൂർണമായി കൈവിട്ടു. കേരളം ആവശ്യപ്പെട്ടതിൽ ഒന്നു പോലും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെ യാഥാർഥ്യമായ വിഴിഞ്ഞം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം പോലും കണക്കിലെടുത്തില്ല. 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പാക്കേജാണ് വിഴിഞ്ഞത്തിനായി ചോദിച്ചിരുന്നത്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടും എയിംസിന്റെ കാര്യം കേന്ദ്രം മറന്നു.

ഫണ്ടുകളിലും ഗ്രാന്റുകളിലും കടമെടുപ്പു പരിധിയിലുമെല്ലാം കുറവു വന്നിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. അതേപടി ലഭിക്കുമെന്നു പ്രതീക്ഷിച്ചില്ലെങ്കിലും ദേശീയപാത സ്ഥലമെടുപ്പിന്റെ 25% വിഹിതമായി 6000 കോടിയോളം രൂപ കേരളം വഹിക്കുന്നതുൾപ്പെടെയുള്ള പ്രയാസങ്ങൾ പരിഹരിക്കപ്പെടുമെന്നായിരുന്നു വിശ്വാസം. 

വയനാട് തുരങ്കപാതയ്ക്കും സഹായമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി കേന്ദ്രം ചെലവഴിക്കേണ്ട തുകയിൽ സംസ്ഥാനം ചെലവിട്ട 3686 കോടി രൂപയും ചോദിച്ചിരുന്നു. പുതിയതൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, പഴയതിന്റെ കാര്യത്തിൽ ഉറപ്പുമില്ല.

പ്രളയദുരിതം നേരിടാൻ ബിഹാറിനു മാത്രം 11,500 കോടിയുടെ സഹായമാണു  പ്രഖ്യാപിച്ചത്. 2 പ്രളയങ്ങൾ അതിജീവിച്ച കേരളത്തിന് ആ വഴിക്കും പരിഗണന കിട്ടിയില്ല. ലഭിക്കില്ലെന്നു പ്രതീക്ഷിച്ചു തന്നെയാണു സിൽവർലൈൻ പദ്ധതിക്ക് അനുമതി ചോദിച്ചിരുന്നത്. വളത്തിന്റെ സബ്സിഡി കുറച്ചതും തൊഴിലുറപ്പു പദ്ധതി വിഹിതം കുറച്ചതും  തിരിച്ചടിയാകും.

ദേശീയപാത വികസനം ഒഴിച്ചു നിർത്തിയാൽ രണ്ടു മോദി സർക്കാരുകളുടെ കാലത്തും ബൃഹദ് പദ്ധതികളൊന്നും കേരളത്തിനു ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഒരാശ്വാസവും കേന്ദ്രം ബജറ്റിലൂടെ നൽകിയില്ലെന്നതു പ്രതിസന്ധി രൂക്ഷമാക്കും.

റെയിൽ ബജറ്റിലും നിരാശ

റെയിൽവേ വികസനത്തിലും കേരളത്തിനു കാര്യമായ പരിഗണനയില്ല. ഷൊർണൂർ– എറണാകുളം മൂന്നാം പാതയ്ക്ക് 5 ലക്ഷം രൂപ മാത്രമാണു നീക്കിവച്ചിരിക്കുന്നത്. ആലപ്പുഴ വഴിയുള്ള ഇരട്ടപ്പാത പൂർത്തീകരിക്കുന്നതിനാണ് മുൻഗണന. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ തുക കുറയ്ക്കുകയും ചെയ്തു.

ആശ്വസിക്കാൻ ഇതൊക്കെ...

വിദേശ ക്രൂസ് കമ്പനികൾക്ക് ആഭ്യന്തര ക്രൂസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവു പ്രഖ്യാപിച്ചതിന്റെ സാധ്യത കേരളത്തിനു പ്രയോജനപ്പെടുത്താൻ കഴിയും. സ്റ്റാർട്ടപ്പുകൾ എയ്ഞ്ചൽ ഫണ്ടിങ് സ്വീകരിക്കുമ്പോൾ നൽകിയിരുന്ന നികുതി (എയ്ഞ്ചൽ ടാക്സ്) ഒഴിവാക്കി നൽകിയതിന്റെ ഗുണം മികച്ച സ്റ്റാർട്ടപ് ആവാസ വ്യവസ്ഥയുള്ള കേരളത്തിനു ഗുണകരമാകും. സ്വർണം, വെള്ളി വില കുറയുന്നതും ഇവിടെ വിപണിയിൽ ചലനമുണ്ടാക്കും. 

പിഎംജിഎസ്‌വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ 25,000 ഗ്രാമീണ റോഡുകൾ നിർമിക്കുന്നതിൽ ഒരു വിഹിതം കേരളത്തിനും ലഭിച്ചേക്കും. 

100 നഗരങ്ങളെ മാലിന്യമുക്തമാക്കുമെന്ന പ്രഖ്യാപനം കൊച്ചിക്കും തിരുവനന്തപുരത്തിനും പ്രതീക്ഷ നൽകുന്നതാണ്.

English Summary:

Nothing for Kerala in Union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com