രണ്ടര ദിവസത്തെ സ്തംഭനം: സെക്രട്ടേറിയറ്റിലെ ഇ ഓഫിസ് തകരാറിന് ഒടുവിൽ പരിഹാരം
Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ മുഴുവൻ ഫയൽ നീക്കങ്ങളും ഉത്തരവ് ഇറക്കുന്ന നടപടികളും സ്തംഭിപ്പിച്ച ഇ ഓഫിസ് തകരാർ രണ്ടര ദിവസത്തിനു ശേഷം പരിഹരിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ തകരാറിന് ഇന്നലെ ഉച്ച തിരിഞ്ഞാണ് പരിഹാരമുണ്ടായത്. ഇ ഓഫിസ് തയാറാക്കിയ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററും സാങ്കേതിക സഹായം നൽകുന്ന സംസ്ഥാന ഐടി മിഷനും കിണഞ്ഞു പരിശ്രമിച്ചാണ് സെർവറുമായി ബന്ധപ്പെട്ട തകരാർ പരിഹരിച്ചത്. രണ്ടര ദിവസത്തെ പ്രവർത്തന നഷ്ടത്തിലൂടെ സംസ്ഥാന ഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായെന്നാണു വിലയിരുത്തൽ.
ഒരു ദിവസം സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നതിനു ജീവനക്കാരുടെ ശമ്പളം അടക്കം ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലായിരത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. സെക്രട്ടേറിയറ്റിനെയും വിവിധ ഡയറക്ടറേറ്റുകളെയും ബന്ധിപ്പിക്കുന്നതും കലക്ടറേറ്റുകളിൽ നിന്നു സെക്രട്ടേറിയറ്റിൽ എത്തേണ്ടതുമായ ഫയലുകളും കത്തിടപാടുകളും ഇ ഓഫിസ് സംവിധാനത്തിലൂടെയാണു പ്രവർത്തിക്കുന്നത്.