ADVERTISEMENT

തിരുവനന്തപുരം ∙ സാധാരണക്കാർക്കു സൗജന്യ ചികിത്സയ്ക്കു വേണ്ടിയുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ചു സർക്കാർ ചർച്ച ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ ജനങ്ങളെ ഒപ്പം നിർത്താനുള്ള ആലോചനകളുടെ ഭാഗമായാണു നീക്കം.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) വിഭാഗത്തിലെ 41.99 ലക്ഷം കുടുംബങ്ങൾക്കു മാത്രമേ കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകുന്നുള്ളൂ. കാസ്പിലും ഈ അംഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മഞ്ഞ, പിങ്ക് കാർഡുകാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. അതിനാൽ 2018 നു മുൻപ് ഇൻഷുറൻസ് കാർഡ് ലഭിച്ചവർ മാത്രമേ ഇപ്പോൾ കാസ്പിന്റെ പരിധിയിൽ വരുന്നുള്ളൂ.

കൂടുതൽപേരെ ഉൾപ്പെടുത്തുന്നതിനായി ക്ഷേമനിധി അംഗങ്ങളെ കാസ്പിൽനിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. ഇവർക്കുവേണ്ടി കാസ്പ് പ്രീമിയം എന്ന വിഭാഗം സൃഷ്ടിക്കും. അതിലൂടെ കാസ്പിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ വർഷം നിശ്ചിത തുക അടയ്ക്കേണ്ടിവരും. ഈ തുക ക്ഷേമനിധി അംഗങ്ങളിൽനിന്നു പിരിച്ചെടുക്കാതെ ബോർഡുകൾ അടയ്ക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. 

കാസ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കാൾ ഇപ്പോഴുള്ളവരുടെ ചികിത്സാസഹായം നൽകണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണു വാഗ്ദാനം. ഒടുവിലത്തെ കണക്കനുസരിച്ച് 1300 കോടി രൂപ ആശുപത്രികൾക്കു സർക്കാർ നൽകാനുണ്ട്.  197 സർക്കാർ ആശുപത്രികളും 4 കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലുമാണ് കാസ്പിൽ എംപാനൽ ചെയ്തിരിക്കുന്നത്. ഇതിൽ  23.97 ലക്ഷം കുടുംബങ്ങൾക്കു മാത്രമാണു കേന്ദ്രസർക്കാരിന്റെ സഹായമുള്ളത്‌.

English Summary:

Planning to add more people in Karunya Arogya Suraksha Padhathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com