20 കോടിയുടെ തട്ടിപ്പ്; യുവതി റിമാൻഡിൽ
Mail This Article
തൃശൂർ ∙ മണപ്പുറം കോംപ്ടെക് ആൻഡ് കൺസൽറ്റന്റ്സ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്ന് 20 കോടി രൂപയോളം തട്ടിച്ചെടുത്ത കേസിലെ പ്രതി ധന്യ മോഹൻ റിമാൻഡിൽ. കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങിയ ധന്യയെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയാണു റിമാൻഡ് ചെയ്തത്. തട്ടിപ്പിന്റെ വ്യാപ്തിയേറാൻ ഇടയുണ്ടെന്നു സൂചനയുള്ളതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ തീരുമാനമായി. ഭർത്താവിന്റെ എൻആർഐ അക്കൗണ്ട് ഉപയോഗിച്ചു പണം കുഴൽപണ ഇടപാടിനു കൈമാറിയെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്.
സ്ഥാപനത്തിലെ അസി. ജനറൽ മാനേജർ ടെക് ലീഡ് ആയ കൊല്ലം നെല്ലിമുക്ക് മുളങ്കാടകം പൊന്നമ്മ വിഹാറിൽ ധന്യ മോഹൻ (40) 4 വർഷത്തിനിടെ നടത്തിയ മുഴുവൻ അക്കൗണ്ട് ഇടപാടുകളുടെയും വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. 8 അക്കൗണ്ടുകൾ വഴിയാണ് 20 കോടിയോളം രൂപ ധന്യ തട്ടിച്ചതെന്നു വ്യക്തമായി. ഇതിൽ 5 അക്കൗണ്ടുകൾ ധന്യയുടെ പേരിലുള്ളതാണ്. ഈ അക്കൗണ്ടുകൾ പൊലീസ് ഇടപെട്ടു മരവിപ്പിച്ചിട്ടുണ്ട്. ധന്യയുടെ ഉറ്റ ബന്ധുക്കളുടെ അക്കൗണ്ടുകളും മരവിപ്പിക്കും.
ധന്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും അച്ഛന്റെ അക്കൗണ്ടിലേക്കു 40 ലക്ഷവും കൈമാറിയതിന്റെ രേഖകൾ ലഭിച്ചെന്നാണു സൂചന. ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലൂടെ കുഴൽപണ സംഘങ്ങളിലേക്കു പണമെത്തിയിട്ടുണ്ടെന്ന വിവരവും അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഏറാനിടയുണ്ടെന്ന വിവരത്തിലും പൊലീസിന്റെ അന്വേഷണം സജീവമാണ്. കമ്പനിയുടെ ഡിജിറ്റൽ ലോൺ അക്കൗണ്ടിൽ ധന്യ നടത്തിയ ഇടപാടുകളെല്ലാം പരിശോധിക്കുന്നുണ്ട്.