ADVERTISEMENT

മേപ്പാടി ∙ ആംബുലൻസിന്റെ സൈറൺ അകലെ നിന്നു കേൾക്കുമ്പോഴേ കൈകോർത്ത് അവർ കാത്തു നിൽക്കുകയാണ്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് (ഡിഎം വിംസ്) അത്യാഹിത വിഭാഗത്തിനു മുന്നിൽ ഇന്നലെ അതിരാവിലെ തുടങ്ങിയ ഈ ദൗത്യം രാത്രി വൈകിയും തുടർന്നു. ചൂരൽമലയിൽ രക്ഷാപ്രവർത്തനം തുടങ്ങിയതു മുതൽ ഇടതടവില്ലാതെ ആംബുലൻസുകളെത്തി. ഗുരുതരമായി പരുക്കേറ്റവരും മൃതദേഹങ്ങളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം സൗകര്യമില്ലാത്തതിനാൽ, പിന്നീട് കണ്ടെടുത്ത മൃതദേഹങ്ങൾ മേപ്പാടി സിഎച്ച്സിയിലേക്കാണു കൊണ്ടു പോയത്. 

നൂറിലേറെപ്പേരാണ് ഡിഎം വിംസിൽ മാത്രം ചികിത്സയിലുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ വിവരങ്ങൾ ഡോ. ആരതിയും ഡോ. റിയയും ചേർന്നു പുറത്തെ ബോർഡിൽ എഴുതിക്കൊണ്ടിരുന്നു. ഉറ്റവരെത്തേടിയെത്തുന്നവരോട് തിരക്കി പേരുകളിൽ കണ്ണോടിക്കുന്ന കാഴ്ച പലപ്പോഴും ഉള്ളുലച്ചു. ചുവന്ന വട്ടംവരച്ച പേരുകളാവല്ലേ എന്ന പ്രാർഥന. 

5 ജീവനു കൈ കൊടുത്ത് മഹേഷും മക്കളും 

ചൂരൽമല ∙ സ്വന്തം വീട് ഒലിച്ച് പോകുമ്പോഴും മറ്റുള്ളവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി വിന‌യും കുടുംബവും. വിനയുടെ അച്ഛൻ മഹേഷും സഹോദരന്മാരായ വിഷ്ണു, വിജയ് എന്നിവരും ചേർന്ന് ദുരന്തമുഖത്തുനിന്ന് 5 പേരെയാണു രക്ഷിച്ചത്. പുലർച്ചെ ആദ്യത്തെ ഉരുൾപെ‍ാട്ടിയെത്തിയപ്പോൾ സ്വന്തം വീട് കുറെ ഭാഗം തകർന്നു. അതിനിടെയാണ് വെള്ളത്തിലും ചെളിയിലും പൂണ്ടും ഒഴുകിയുമെത്തിയ ചിലരെ കണ്ടത്. എല്ലാവരെയും ചെളിയിൽ നിന്നു വലിച്ചെടുത്ത് കരയിലെത്തിച്ചു. ഒടിഞ്ഞു തൂങ്ങിയ കൈയുമായി ചെളിയിൽ നിന്നു കയറിവന്ന സ്ത്രീയുടെ കൈയിൽ സ്കെയിൽ കെട്ടിവച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

  ഇതിനിടെ രണ്ടാമതും ഉരുൾപെ‍ാട്ടിയെത്തിയപ്പോൾ വീടിന്റെ പിൻവാതിലിലൂടെ മുകളിലെ കുന്നിലേക്ക് ഓടിക്കയറവേ വിനയുടെ കാലൊടിഞ്ഞു. സമീപത്ത് താമസിച്ചിരുന്ന വല്ല്യമ്മ അടക്കമുള്ളവരെ കാണാതായതിന്റെ വിഷമം മനസ്സിൽ ബാക്കി. 

കോർത്തുപിടിച്ച കൈവിട്ടുപോയ അനിയത്തീ, നീ എവിടെ? 

ചൂരൽമല ∙ ഉരുൾജലത്തിൽ ഒരു കൈയകലത്തിൽ കാണാതായ അനിയത്തിയെയോർത്ത് ഫാത്തിമ നൗറിൻ എന്ന പ്ലസ്ടുക്കാരിയുടെ ഉള്ളുനീറുന്നുണ്ട്. മലവെള്ളം ഇരച്ചെത്തിയപ്പോൾ ഫാനിൽ തൂങ്ങിക്കിടന്നാണു ഫാത്തിമ ജീവിതത്തിലേക്കു തിരിച്ചുകയറിയത്. സഹോദരി സിയ നൗറിനെ കൈകോർത്തു പിടിക്കാൻ നോക്കിയെങ്കിലും ഒറ്റ നിമിഷം കൊണ്ടു കാണാതായി. മാതാപിതാക്കളും വേർപെട്ടുപോയെങ്കിലും അവരെ പിന്നീടു രക്ഷാപ്രവർത്തകർ ക്യാംപിലെത്തിച്ചിരുന്നു. 

ചൂരൽമല ടൗണിനോട് ചേർന്നുള്ള വീട്ടിലായിരുന്നു മാതാപിതാക്കളായ ഉബൈദ്, മൈമൂന എന്നിവർക്കൊപ്പം ഫാത്തിമയും സിയയും താമസം. മൈമൂന ഒഴുകിപ്പോയെങ്കിലും ഒരു മരത്തടിയിൽ പിടിച്ചുകിടന്നു രക്ഷപ്പെട്ടു. ഉബൈദും രക്ഷപ്പെട്ടു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണു 3 പേരും–സിയയും എവിടെയോ ജീവനോടെയുണ്ടെന്ന പ്രതീക്ഷയോടെ. 

ഒലിച്ചുപോയി; ഒരു കുടുംബത്തിൽനിന്ന് 21 പേർ 

മേപ്പാടി ∙ ‘‘അവർ 21 പേരുണ്ട്. ആകെ 2 പേരുടെ ശരീരമേ കിട്ടിയിട്ടുള്ളൂ. ഞങ്ങൾക്കു വിറച്ചിട്ടു നിൽക്കാൻ വയ്യ’’– ചൂരൽമല ചെട്ടിയത്തൊടി അയൂബ് കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു. ചെട്ടിയത്തൊടി അബ്ദുൽ സത്താറിന്റെ വീട്ടിലെ 21 പേരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. 

  ചൂരൽമല സ്കൂൾ റോഡിൽ അടുത്തടുത്തുള്ള വീടുകളിലായാണ് അവർ താമസിച്ചിരുന്നത്. അയൂബിന്റെ മരുമകൾ റുക്സാന, 7 വയസ്സുകാരൻ ആദി ഹംദാൻ എന്നിവരുടെ ശരീരങ്ങൾ മാത്രമാണ് കണ്ടെത്താനായത്. അയൂബിന്റെ സഹോദരി സൽമ, സൈനബ, അബ്ദുറഹ്മാൻ, യൂസഫ്, മുനീർ, ഷഹാന, ഷമീർ, അമൽ നിഷാൻ തുടങ്ങി 21 പേരെയാണ് കാണാതായത്. റുക്സാനയുടെ ഭർത്താവിന്റെ ഉമ്മ, ബാപ്പ, അനിയത്തി എന്നിവരെയും കാണാതായിട്ടുണ്ട്. ഇവർ മേപ്പാടിയിലെ വീട്ടിലെത്തിയതായിരുന്നു. 

ചുരം കയറി വന്ന് കാരുണ്യപ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്നേഹബാങ്ക് 

മേപ്പാടി ∙ ചൂരൽമലയിൽ നിന്ന് ഉരുൾപൊട്ടിയൊഴുകിയ വെള്ളം അറബിക്കടൽതൊടും മുൻപേ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു വയനാട്ടിലേക്ക് തിരയടിച്ചെത്തിയത് കാരുണ്യത്തിന്റെ പ്രവാഹം. ദുരന്തമുഖത്ത് എല്ലാം മറന്ന് കൈകോർക്കാറുള്ള കേരള മോഡലിന് അതിരാവിലെ മുതൽ വയനാട് സാക്ഷ്യം വഹിച്ചു. 

ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും യൂത്ത് ലീഗും സേവാഭാരതിയും ഉൾപ്പെടെ എണ്ണമറ്റ സംഘടനകൾ സന്നദ്ധപ്രവർത്തകരുമായി ദുരന്തമുഖത്തേക്ക് ഒഴുകിയെത്തി. പൊലീസിനും ഫയർഫോഴ്സിനും പുറമേ എൻഡിആർഎഫും കോഴിക്കോട്ടു നിന്നു ടെറിട്ടോറിയൽ ആർമിയും കണ്ണൂരിൽ നിന്നു പ്രതിരോധ സുരക്ഷാ സേനയും (ഡിഎസ്‌സി) കുതിച്ചെത്തി. 

രക്തദാനത്തിനു സന്നദ്ധരായി നൂറുകണക്കിനു പേർ എത്തിയതോടെ രക്തബാങ്കുകളും നിറഞ്ഞു. 

ആരോഗ്യപ്രവർത്തകരും കെഎസ്ഇബിയും റവന്യു, കൃഷി ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളും ചേർന്നു ദുരന്തനിവാരണം ഏകോപിപ്പിച്ചു. ഭക്ഷണവും വെള്ളവും പുതപ്പും മരുന്നും മെഴുകുതിരിയും വാഹനങ്ങളും ഉൾപ്പെടെ വേണ്ടതെല്ലാം തേടിപ്പിടിച്ച് ചുരങ്ങൾ താണ്ടിയെത്തിയത് നൂറുകണക്കിനു വാഹനങ്ങൾ. 

English Summary:

Ambulance siren sound gives hope to live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com