ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർനടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ  നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫിസിലെത്തിയാണ് മുഖ്യമന്ത്രി  യോഗത്തിൽ പങ്കെടുത്തത്. 

  കേന്ദ്ര സർക്കാരിന്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം, ദുരന്തമുഖത്തെ സേനാവിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാംപുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി. 

ചീഫ് സെക്രട്ടറി ഡോ.വി.വേണു, ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, ചീഫ് ഫോറസ്റ്റ്  പ്രിൻസിപ്പൽ കൺസർവേറ്റർ പുകഴേന്തി, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ. എസ്.കാർത്തികേയൻ, സിവിൽ സപ്ലൈസ് എം.ഡി.സജിത്ത് ബാബു, തദ്ദേശവകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, ജിഎസ്ടി കമ്മിഷണർ അജിത്ത് പാട്ടീൽ, വാട്ടർ അതോറിറ്റി എംഡി ബിനു ഫ്രാൻസിസ്, ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

അവശ്യസർവീസ് ജീവനക്കാർ അവധി റദ്ദാക്കണം

സംസ്ഥാനത്തു മഴ കനക്കുകയും വയനാട്ടിൽ ദുരന്തമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ അവശ്യസർവീസുകളായ പൊലീസ്, അഗ്നിരക്ഷാസേന, റവന്യു, ആരോഗ്യം എന്നീ മേഖലകളിലും തദ്ദേശസ്ഥാപനങ്ങളിലുമുള്ള ജീവനക്കാർ അവധി റദ്ദാക്കി ജോലിക്കെത്തണം. ദീർഘകാല അവധി ഒഴികെയുള്ളവ റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി വകുപ്പു മേധാവികൾക്കും കലക്ടർമാർക്കും നിർദേശം നൽകി.  

സംസ്ഥാനത്ത് ഇന്നലെ പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണം ഇന്നും തുടരും. സംസ്ഥാനമൊട്ടാകെ ഇന്നു ദേശീയപതാക പകുതി താഴ്ത്തി കെട്ടണമെന്നും സർക്കാരിന്റെ പൊതു ചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കണമെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണു നിർദേശിച്ചു.

മന്ത്രിമാർ കൺട്രോൾ റൂമിൽ നിൽക്കുമ്പോൾ മണ്ണിടിച്ചിൽ 

മേപ്പാടി ∙ ചൂരൽമലയിൽ ദുരന്തമുണ്ടായ ഭാഗത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനെത്തിയ മന്ത്രിമാർ മണ്ണിടിച്ചിലിന്റെ ഭീകരത നേരിൽക്കണ്ടു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും കലക്ടർ ഡി.ആർ.മേഘശ്രീയും ഉൾപ്പെടെയുള്ളവർ ചൂരൽമലയ്ക്കു താഴെ താൽക്കാലിക കൺട്രോൾ റൂമിലുള്ളപ്പോഴാണു മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ രാത്രി ഉരുൾപൊട്ടിയൊഴുകിയ ഭാഗത്തുകൂടി വീണ്ടും ചെളിവെള്ളം കുത്തിയൊഴുകുന്നതു കണ്ട് പരിസരത്തുണ്ടായിരുന്നവർ കൂട്ടത്തോടെ ഓടി. എന്നാൽ, ഈ കുത്തൊഴുക്ക് അധികസമയമുണ്ടായില്ല. കഴിഞ്ഞദിവസം മണ്ണിടിഞ്ഞ ഭാഗത്ത് ഇളകിനിന്നിരുന്ന മണ്ണ് കുത്തിയൊഴുകിയതാണെന്നു പ്രദേശവാസികൾ പറഞ്ഞു.

ഏകോപനത്തിന് മന്ത്രിമാരും  ഉദ്യോഗസ്ഥരും

തിരുവനന്തപുരം ∙ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ മന്ത്രിമാരായ വി.എൻ.വാസവൻ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, ഒ.ആർ.കേളു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ.എസ്.കാർത്തികേയനാണു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു പ്രവർത്തനം. സ്പെഷൽ ഓഫിസറായി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ‍ഡയറക്ടർ വി.സാംബശിവറാവുവിനെ നിയോഗിച്ചു. 

English Summary:

High-level meeting held under the leadership of Chief Minister Pinarayi Vijayan to coordinate Wayanad rescue operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com