ADVERTISEMENT

തിരുവനന്തപുരം ∙ മുണ്ടക്കൈ ഉരുൾപൊട്ടൽ സാധ്യത കൂടിയ പ്രദേശമാണെന്ന് മുൻപു തന്നെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ജനവാസം കുറവായതിനാലാണ് 1984 ൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞത്. 2018 മുതൽ തുടർച്ചയായി ചെറിയ ഉരുൾപൊട്ടലുകൾ ഈ പ്രദേശത്തുണ്ടായിട്ടുണ്ട്.

ചാലിയാർ പുഴയുടെ വൃഷ്ടി പ്രദേശമായ മുണ്ടക്കൈ മേഖലയിൽ നീരൊഴുക്കിനു തടസ്സങ്ങളുണ്ടാക്കുന്നതാണ് തുടർച്ചയായ ഉരുൾ പൊട്ടലുകൾക്കു കാരണമെന്ന് 1984 ൽ ഉരുൾപൊട്ടിയപ്പോൾ സ്ഥലം സന്ദർശിച്ചു പഠനം നടത്തിയ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ സീനിയർ സയന്റിസ്റ്റ് ഡോ.പി.കെ.തമ്പി പറഞ്ഞു.

തമിഴ്നാട് കോൺഗ്രസ്, അണ്ണാഡിഎംകെ ഒരു കോടി നൽകും

ചെന്നൈ ∙ വയനാട്ടിൽ ദുരന്തത്തിന് ഇരയായവർക്ക് തമിഴ്നാട് കോൺഗ്രസ് ഒരു കോടി രൂപ കൈമാറും. രാഹുൽ ഗാന്ധി വഴി തുക കേരള മുഖ്യമന്ത്രിക്കു നൽകുമെന്നു സംസ്ഥാന അധ്യക്ഷൻ കെ.സെൽവപെരുന്തകെ പറഞ്ഞു. തമിഴിനാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാഡിഎംകെയും വയനാടിന്   ഒരു കോടി രൂപ നൽകും. 

ദുരന്തത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളുടെ എണ്ണം മൂന്നായി. ഇവർക്കു 3 ലക്ഷം രൂപ വീതം അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചു. മരിച്ച മൂവരും നീലഗിരി സ്വദേശികളാണ്. നടൻ വിക്രം 20 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. കേരളത്തിന് എല്ലാ പിന്തുണയും നൽകുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവർത്തിച്ചു. തമിഴ്നാട് നിയോഗിച്ച 2 മലയാളി ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

സിഎസ്ആർ ഫണ്ടിൽനിന്ന് സഹായം കൈമാറണം:സിദ്ധരാമയ്യ

ബെംഗളൂരു ∙ വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉദാരമായി സംഭാവന നൽകാൻ കർണാടകയിലെ കോർപറേറ്റ് കമ്പനികളോടു മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പുനർനിർമാണത്തിനു കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആർ) ഫണ്ട് ഉപയോഗപ്പെടുത്താനാണു നിർദേശം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 3 കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രി സന്തോഷ് ലാഡ്, ധനകാര്യ സെക്രട്ടറി പി.സി.ജാഫർ, കർണാടക ഇ–ഗവേണൻസ് മിഷൻ സിഇഒ ഡോ. ദിലീഷ് ശശി എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ബിൽ അവതരിപ്പിക്കും ന്യൂഡൽഹി ∙ പ്രകൃതിദുരന്ത നിവാരണവുമായി ബന്ധപ്പെട്ട 

പുതിയ ബിൽ ഇക്കുറി പാർലമെന്റിൽ അവതരിപ്പിക്കുമെന്നും വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പിൽ ഏറ്റവും അത്യാധുനിക സംവിധാനമാണു രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Mundakkai was always a danger zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com