ADVERTISEMENT

എടക്കര (മലപ്പുറം) ∙ ചാലിയാറിലെ കുത്തൊഴുക്കും കാട്ടിലെ വന്യമൃഗങ്ങളെയും വകവയ്ക്കാതെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ മുണ്ടേരി വനത്തിൽ കടന്ന് തിരച്ചിൽ നടത്തിയപ്പോൾ ലഭിച്ചത് ഇരുപതിലേറെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും. ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ 10 കിലോമീറ്ററോളം ദൂരത്താണ് മൃതദേഹങ്ങൾ തിരയാനിറങ്ങിയത്. മലപ്പുറം ജില്ലയുടെ ഭാഗത്ത് പൂർണമായും വയനാടിന്റെ 100 മീറ്റർ ഉൾഭാഗത്തും തിരച്ചിൽ നടത്തി.

എൻഡിആർഎഫ്, പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവർക്ക് കൂട്ടായി ഇന്നലെ പുലർച്ചെയോടെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുണ്ടേരിയിലെത്തിയത്. ഇതിനു പുറമേ പ്രദേശവാസികളായ യുവാക്കളും കൂടി. ഇവർ 2 സംഘങ്ങളായി തിരിഞ്ഞ് പുഴയുടെ ഇരുവശത്തുമായാണ് തിരച്ചിൽ നടത്തിയത്. ഒരു സംഘം വാണിയംപുഴ ഊരിനു സമീപത്തെ തലപ്പാലിക്കടവിൽ നിന്നാണ് അഗ്നിരക്ഷാ സേനയുടെ ഡിങ്കികളുടെ സഹായത്തോടെ ചാലിയാർ മുറിച്ചു കടന്നത്. പ്രളയത്തിനു മുൻപേ വനംവകുപ്പ് എത്തിച്ച ട്രാക്ടറായിരുന്നു മൃതദേഹങ്ങൾ കൊണ്ടുവരാൻ ഇവരുടെ ആശ്രയം.

രണ്ടാമത്തെ സംഘം മുണ്ടേരി ഫാം ഉൾപ്പെടുന്ന തീരത്തു കൂടി വാഹനങ്ങളും ട്രാക്ടറുകളുമായി വയനാട് ഭാഗത്തേക്ക് നീങ്ങി. വനത്തിൽ കടന്നവർക്ക് സുരക്ഷയൊരുക്കി സായുധരായ തണ്ടർ ബോൾട്ട് സംഘവും ഉണ്ടായിരുന്നു. കുറച്ചു പേർ പുഴയുടെ താഴെ ഭാഗത്തേക്കും തിരച്ചിൽ നടത്തി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്ന ഭാഗത്തു നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വാണിയംപുഴ ഊരിലെ ആദിവാസി വിഭാഗക്കാർ തുണിയിലും പ്ലാസ്റ്റിക് കവറുകളിലുമായി സൂക്ഷിച്ചു വച്ചിരുന്നു. 

തീരത്തടിഞ്ഞ മരക്കൂട്ടങ്ങൾക്കിടയിലും മണൽക്കൂനകളിലും നിന്നാണ് കൂടുതൽ മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്. ചുളുക്കിപ്പുഴയുടെ തീരത്തു നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. സൂചിപ്പാറ വെള്ളച്ചാട്ടത്തിലൂടെ താഴേക്കു വീണ് പാറകളിൽ തട്ടിത്തെറിച്ചാണ് പലതും ഛിന്നഭിന്നമായിപ്പോയത്. സൂചിപ്പാറയ്ക്ക് 4 കിലോമീറ്റർ അടുത്തുവരെ തിരച്ചിൽ നടത്തിയതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.

English Summary:

Search in Chaliyar in spite of flood and wild animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com