ADVERTISEMENT

ചൂരൽമല ∙ 3 മക്കളുടെ കൈപിടിച്ചു ഉരുൾവെള്ളപ്പാച്ചിലിൽനിന്നു കുന്നുകയറി വീട്ടമ്മ. മുണ്ടക്കൈ പൊയ്തിനിപ്പാറ ബഷീറിന്റെ ഭാര്യ സഫിയയാണു മക്കൾക്കൊപ്പം അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോൾ വീട്ടുമുറ്റത്തേക്കു വെള്ളം ഇരച്ചെത്തുന്നതറിഞ്ഞു സഫിയയാണ് ആദ്യം എഴുന്നേറ്റത്. മക്കളായ മുഹമ്മദ് വസീൻ (27), ഫഹദ് റഹ്മാൻ (20), ആയിഷ നേഹ (15) എന്നിവരെ വിളിച്ചെഴുന്നേൽപ്പിക്കുന്ന സമയത്തു വീടിന്റെ ഭിത്തിയിൽ വെള്ളം വന്നടിച്ചു. പുറത്തേക്കോടാൻ ശ്രമിക്കുമ്പോൾ ചെളിയും വെള്ളവും ദേഹത്തേക്കു തെറിച്ചു. മുറ്റത്തേക്കു മക്കളെയും കൂട്ടി ഓടിയ ഇവർ വെള്ളത്തിലൂടെ കഷ്ടപ്പെട്ടു നടക്കുമ്പോൾ ദൂരെ മലമുകളിൽ രണ്ടാമത്തെ ഉരുൾ പൊട്ടുന്ന ശബ്ദം കേട്ടു. മലവെള്ളം ഇരച്ചെത്തുംമുൻപ് ഒരുവിധം സമീപത്തെ കുന്നു കയറാനായി. കുന്നിന്റെ മുകളിലെത്തുമ്പോഴേക്കും മൂന്നാമത്തെ ഉരുളും പൊട്ടിയിരുന്നു. വീടിന്റെ അവസ്ഥ എന്താണെന്നു പോലും അറിയാതെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോഴും ജീവൻ രക്ഷപ്പെട്ടതിന്റെ ആനന്ദത്തിലാണിവർ.

കൺമുന്നിൽ  ഇടിഞ്ഞുതാണു, ഇരുനില വീട്

മേപ്പാടി ∙ അമ്മയുടെ വൈത്തിരിയിലെ വീട്ടിലേക്കു പോകാൻ ബാഗ് ഒരുക്കി വച്ചിരുന്നു വൈഷ്ണയും വർണയും. മഴ നേരത്തേ തുടങ്ങിയതു കണ്ടാണു യാത്ര പിറ്റേന്നത്തേയ്ക്കു മാറ്റിയത്. ഇതോടെ ഉരുൾപൊട്ടലിന്റെ ഭീകരതയിൽപെട്ടുപോയി അവർ.

മുണ്ടക്കൈ ടൗണിലായിരുന്നു ഇവരുടെ വീട്. ഭൂമി കുലുങ്ങുന്നതുപോലുള്ള ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ വെള്ളം വീടിനരികിലേക്ക് ഒഴുകാൻ തുടങ്ങി. രണ്ടാമത്തെ പൊട്ടലിൽ വലിയൊരു മരം ഇടിച്ചുകയറി വാതിൽ അടഞ്ഞു. അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിനുള്ളിൽ കെട്ടിപ്പിടിച്ചു നിന്നെങ്കിലും ഇരച്ചുകയറിയ വെള്ളം അവരെ ചുഴറ്റിയെറിഞ്ഞു. തകർന്ന ജനലിലൂടെ തൊട്ടടുത്ത ഇരുനില വീട് ഇടിയുന്നതു കണ്ടു നടുങ്ങിയാണു മുറിയിൽനിന്നു പുറത്തുകടന്നത്.

ഉയരമുള്ള ഭാഗത്തേക്ക് നടക്കുന്നതിനിടെ മൂന്നാമതും ഉരുൾപൊട്ടി. സ്വന്തം വീടും തകർത്താണ് മണ്ണിടിഞ്ഞത്. ഭീകരമായ ശബ്ദങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. വീടുകൾ പലതുമാറി അവസാനം സ്ട്രീംവാലി റിസോർട്ടിനു സമീപം അവിടെ  എത്തുമ്പോൾ ഇരുന്നൂറോളം പേരുണ്ടായിരുന്നു. സമീപത്തെ വീട്ടുകാർ കഞ്ഞിവച്ചു നൽകിയും വെള്ളം നൽകിയും സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നു. സൈന്യം പാലം നിർമിച്ച ശേഷമാണ് ഇവരെയെല്ലാം പുറത്തെത്തിച്ചത്.

51 ഉറ്റവരെ കാത്ത്  ഉണ്ണീൻകുട്ടി 

മേപ്പാടി ∙ ‘‘ബന്ധുക്കളായ 51 പേർ എവിടെപ്പോയി?’’ ഉണ്ണീൻകുട്ടിയെന്ന എൺപതുകാരൻ കാത്തിരിക്കുകയാണ്. മേപ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കാത്തിരിക്കുമ്പോൾ കയ്യിലെ ഊന്നുവടിയിൽ മുറുക്കിപ്പിടിച്ചത് ഉൾക്കരുത്തിനുവേണ്ടിയാവാം.

നെല്ലിമുണ്ട സ്വദേശിയായ ഉണ്ണീൻകുട്ടിയുടെ ഭാര്യ പൂതംകോടൻ അയിഷക്കുട്ടിയുടെ കുടുംബത്തിലെ 51 പേരെയാണ് കാണാതായത്. 3 ചേച്ചിമാരുടെ മക്കൾ, ആങ്ങളയുടെ മക്കൾ എന്നിവരാണ് കാണാതായത്.

അയിഷക്കുട്ടിയുടെ സഹോദരി ആച്ചു, പാത്തുമ്മ, ഉമ്മാച്ചു, സഹോദരൻ മുഹമ്മദ് എന്നിവരുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് മരിച്ചത്. 

ആച്ചുവിന്റെ ഭർത്താവ് അലി ആലിക്കലിന്റെയും മക്കളുടെയും ശരീരം മാത്രമാണ് ഇതുവരെ കിട്ടിയതെന്നും ഉണ്ണീൻകുട്ടി പറഞ്ഞു.

മരണമെടുത്തൊരു വീട്; ഓർമയായത് ഗിരീഷിന്റെ കുടുംബമൊന്നാകെ  

മേപ്പാടി ∙ ‘ആ വീട്ടിൽ ഇനി ആരുമില്ല. അവരുടെ ശരീരം തിരിച്ചുകിട്ടിയാൽ തിരിച്ചറിയാനോ ഏറ്റെടുക്കാനോ ആരുമില്ല’.

ചുണ്ടേൽ സ്വദേശി മനോജിന്റെ വാക്കുകൾ. എച്ച്എംഎൽ സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ ഫീൽഡ് ഓഫിസർ എ. ഗിരീഷിന്റെ കുടുംബം ഒന്നടങ്കം ഇല്ലാതായതോടെയാണ് അവരുടെ ശരീരങ്ങൾ തേടി ബന്ധുവായ മനോജ് എത്തിയത്. 

ഗിരീഷിന്റെയും ഭാര്യയുടെയും ഇളയ മകന്റെയും ശരീരങ്ങൾ കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. കുടുംബത്തിൽ ബാക്കിയുള്ള മൂത്ത മകൻ ഷാരോൺ, ഭാര്യ പവിത്ര, 2 വയസ്സുകാരി മകൾ എന്നിവരെ കണ്ടെത്താനാണ് മനോജ് മേപ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കാത്തിരിക്കുന്നത്. മനോജിന്റെ അമ്മാവൻ മോഹനന്റെ മകളാണ് പവിത്ര. പൂക്കാട് സർവകലാശാലയിലെ ജീവനക്കാരനാണ് മനോജ്. 

അച്ചൂർ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന ഗിരീഷ് 3 വർഷം മുൻ‍പാണ് സ്ഥലംമാറ്റം കിട്ടി ചൂരൽമലയിലെത്തിയത്. അവിടെ എസ്റ്റേറ്റ് ക്വാർട്ടേഴ്സിലായിരുന്നു താമസം. ഹോണ്ട ഷോറൂമിലെ ജീവനക്കാരനായിരുന്നു ഷാരോൺ.

ആയിഷ കാണാമറയത്ത് 

മേപ്പാടി ∙ ഉരുൾപൊട്ടിയ ശബ്ദം കേട്ട് വീട്ടുകാരെയെല്ലാം വിളിച്ചുണർത്തിയത് പൂക്കാട്ടിൽ ആയിഷയായിരുന്നു. വീട്ടിലുള്ളവരെല്ലാം പരുക്കുകളോടെ രക്ഷപ്പെട്ടപ്പോൾ ആയിഷ മാത്രം കൈവിട്ടുപോയതിന്റെ സങ്കടത്തിലാണ് കുടുംബം. ഉമ്മൂമ്മയെ കാണാത്തതിന്റെ സങ്കടം ആശുപത്രിക്കിടക്കയിലും കുഞ്ഞ് അയാന്റെ മുഖത്തുണ്ട്. ചൂരൽമല സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അയാൻ. ജീപ്പ് ഡ്രൈവറായ ഉപ്പ മറ്റൊരു വാർഡിൽ ചികിത്സയിലുണ്ട്. 

English Summary:

Tragic incidents of wayanad landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com