സ്ലാബിനും മണ്ണിനുമിടയിൽ മറഞ്ഞു ആ ജീവൻ
Mail This Article
മഞ്ചേരി ∙ കോൺക്രീറ്റ് സ്ലാബിനും മണ്ണിനുമിടയിൽ കിടക്കുന്ന സഹോദരൻ സിനാന്റെ മുഖമാണ് സുഹൈലിന്റെ കൺമുന്നിൽ. കയറോ കട്ടറോ ഉണ്ടായിരുന്നെങ്കിൽ അവനെ രക്ഷിക്കാമായിരുന്നു. കുടുംബത്തിലെ 5 പേരെ രക്ഷിച്ചെന്ന് ആശ്വസിക്കുമ്പോഴും സഹോദരനെ വിധിക്കു വിട്ടുകൊടുക്കേണ്ടിവന്നതിന്റെ നടുക്കത്തിലാണ് ഈ യുവാവ്.
എയർലിഫ്റ്റിങ്ങിലൂടെ രക്ഷപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മുണ്ടക്കൈ പടിക്കപ്പറമ്പിൽ സുഹൈലും (26) സഹോദരൻ ഇസ്ഹാഖും (17). ഉറ്റവർ ഒഴുക്കിൽപെട്ടപ്പോൾ തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. പിതാവ് അബ്ദുൽ നാസർ, വല്ല്യുപ്പമാരായ മൊയ്തീൻകുട്ടി, ബാപ്പുട്ടി, ഉമ്മ റാബിയ, സഹോദരി റുബിയ, അവരുടെ 2 കുട്ടികൾ എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോൾ പുഞ്ചിരിമട്ടത്തെ വീട്ടിൽനിന്ന് ഇവിടേക്ക് എത്തിയതായിരുന്നു റുബിയ.
ഭാര്യ ഷഹലയാണ് ആദ്യം ഉഗ്രശബ്ദം കേട്ടതെന്ന് ഇസ്ഹാഖ് പറഞ്ഞു. ചുമരിൽ എന്തോ വന്നിടിച്ചു. അതോടെ അലമാര കട്ടിലിലേക്കു വീണു. വീടിനകത്തു വെള്ളം ഇരച്ചെത്തിയപ്പോൾ കൂട്ടക്കരച്ചിലായി. ആദ്യം ഷഹലയെ പുറത്തെത്തിച്ചു. നിമിഷങ്ങൾക്കകം ദുരന്തം വീടിനു മീതെ പതിച്ചു. മലവെള്ളം നിറഞ്ഞതുമൂലം പുറത്തുകടക്കാനായില്ല.
ഇതിനിടെ പൊട്ടിയ കോൺക്രീറ്റ് ബീമിലെ കമ്പി കൊണ്ട് സുഹൈലിന്റെ കാലിനു മുറിവേറ്റു. ഒഴുകിപ്പോയ ഉമ്മയെ 20 മീറ്റർ അകലെനിന്നാണു രക്ഷപ്പെടുത്തിയത്. റുബിയ, മകൻ സുബിൻ എന്നിവരെയും രക്ഷപ്പെടുത്തിയെന്ന് സുഹൈൽ പറഞ്ഞു. പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർ എത്താൻ വൈകി. പകൽ മുഴുവൻ രക്ഷാപ്രവർത്തകരെ കാത്തു കഴിഞ്ഞു. വൈകിട്ട് 5നാണ് എയർലിഫ്റ്റ് ചെയ്തത്.
കളത്തിങ്കൽ വീട്ടിൽനിന്ന് കാണാതായത് 9 പേർ
മേപ്പാടി ∙ കളത്തിങ്കൽ വീട്ടിലെ ഈ കുടുംബചിത്രത്തിലെ 9 പേർ എവിടെയെന്നറിയാതെ വിലപിക്കുകയാണ് ബന്ധുക്കൾ. കുടുംബനാഥനായ കുഞ്ഞിമൊയ്തീന്റെയും ഭാര്യ ആയിഷയുടെയും മൃതദേഹങ്ങൾ ദുരന്തഭൂമിയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. മകൻ മൻസൂറും 2 മരുമക്കളും 6 പേരക്കുട്ടികളും ഉൾപ്പെടെ 9 പേരെക്കുറിച്ചാണ് വിവരമില്ലാത്തത്.
കുഞ്ഞിമൊയ്തീന്റെയും ആയിഷയുടെയും മകൾ നൗഷിബയെ എന്തു പറഞ്ഞ് സാന്ത്വനിപ്പിക്കുമെന്നറിയാതെ നൊമ്പരപ്പെടുകയാണ് ബന്ധുക്കൾ.
ഗൃഹപ്രവേശത്തിനു മുൻപേ വീടൊഴിഞ്ഞ്... ; കർണാടക സ്വദേശികളെ തേടി ബന്ധുക്കൾ
മേപ്പാടി ∙ കർണാടകയിലെ മണ്ഡ്യയിൽനിന്നെത്തിയ കുടുംബം ചൂരൽമലയിലെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷം 40 പിന്നിട്ടു. ആ വിയർപ്പിലാണ് അവർ ചൂരൽമലയിൽ പുതിയ വീട് പടുത്തുയർത്തിയത്. പണിയെല്ലാം പൂർത്തിയായെങ്കിലും ഗൃഹപ്രവേശം കർക്കടകം കഴിഞ്ഞു മതിയെന്നു കരുതി വാടകവീട്ടിൽത്തന്നെ തുടർന്നതാണു വിനയായത്. മാറിയിരുന്നെങ്കിൽ ഒരുപക്ഷേ, എല്ലാവരും ഇന്നും ഒപ്പമുണ്ടായേനെ – ഝാൻസി റാണി പറയുന്നതു കേട്ട് തരിച്ചുനിൽക്കുകയാണ് ബന്ധുക്കളായ സുദർശനും കുമാറും.
ഝാൻസിയുടെ ഭർത്താവ് അനിൽ കുമാറിനെയും രണ്ടരവയസ്സുള്ള മകൻ നിഹാലിനെയും ഉരുൾപൊട്ടലിൽ കാണാതായതറിഞ്ഞാണ് മണ്ഡ്യയിൽനിന്നു സുദർശനും കുമാറും മേപ്പാടിയിലെത്തിയത്. പുതിയ വീടിന് ഉരുൾപൊട്ടലിൽ പോറൽ പോലും ഏറ്റിട്ടില്ല. പക്ഷേ, അവിടെ താമസിക്കാൻ ഇനിയാര്?
നട്ടെല്ലിനു ഗുരുതര പരുക്കേറ്റ് ഝാൻസി റാണി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും പരുക്കുണ്ട്.
ദർസിൽനിന്ന് അവരെത്തി, സുരക്ഷിതരായി
ചൂരൽമല ∙ അട്ടമല നൂറുൽ ഇസ്‌ലാം ദർസിൽനിന്ന് 11 കുട്ടികൾ ഉസ്താദ് ടി.മുഹമദ് സുനീറിനൊപ്പം ഇന്നലെ ഉച്ചയോടെ ചൂരൽമലയിലെത്തി. പാലം തകർന്നതിനാൽ കഴിഞ്ഞദിവസം പുറംലോകവുമായി ബന്ധപ്പെടാനായില്ലെങ്കിലും തങ്ങൾക്കു പ്രയാസമൊന്നും അനുഭവിക്കേണ്ടിവന്നില്ലെന്ന് സുനീർ പറഞ്ഞു. ദർസിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ അപകടമൊന്നുമുണ്ടായിട്ടില്ല. ചൂരൽമലയിലെത്തിയ കുട്ടികളെ വീടുകളിലേക്ക് അയച്ചു.
മുണ്ടക്കൈയിലും നൂറുദ്ദീൻ; പുത്തുമലയുടെ നടുക്കം മാറാതെ
ചൂരൽമല ∙ 5 വർഷം മുൻപു പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ സി.കെ.നൂറുദ്ദീനു നഷ്ടപ്പെട്ടതു വീടും പറമ്പും മാത്രമല്ല, അനുജന്മാർ അടക്കം 5 പേരെക്കൂടിയായിരുന്നു. നടുക്കം മാത്രം നൽകുന്ന ആ ഓർമകൾ മായുംമുൻപേ നൂറുദ്ദീനു വീണ്ടുമൊരു ഉരുൾപൊട്ടൽ ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നു.
മേപ്പാടി പഞ്ചായത്തംഗമായ നൂറുദ്ദീൻ ഉരുൾപൊട്ടൽ മൂലം മുണ്ടക്കൈയിൽ കുടുങ്ങിയത് ഒരു രാത്രിയും പകലും. റിസോർട്ടിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. രാത്രിയിൽ ഉരുൾപൊട്ടിയതോടെ സമീപത്തെ പാടികളിൽ നിന്നടക്കം ഇരുനൂറ്റൻപതോളം പേർ റിസോർട്ടിൽ അഭയം തേടിയെത്തി. അവരെയെല്ലാം സ്വീകരിച്ച നൂറുദ്ദീൻ രക്ഷാപ്രവർത്തനത്തിലും സജീവമായി ഇറങ്ങി. വൈകിട്ടു ചൂരൽമലയിൽ താൽക്കാലിക പാലം തയാറായപ്പോഴാണു മറ്റുള്ളവർക്കൊപ്പം നൂറുദ്ദീനും മലയിറങ്ങിയത്. പുത്തുമല ഉരുൾപൊട്ടലിൽ വീടും പറമ്പുമടക്കം നഷ്ടമായതിനെത്തുടർന്നു സർക്കാർ നൽകിയ 7 സെന്റ് ഭൂമിയിലാണിപ്പോൾ നൂറുദ്ദീന്റെ താമസം.