ADVERTISEMENT

മേപ്പാടി ∙ ചൂരൽമലയിലെ റിസോർട്ടിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമെത്തി, ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ ഒഡീഷ സ്വദേശിനിക്ക് ആശുപത്രിയിൽ കൂട്ടിരിക്കുകയാണ് മേപ്പാടിയിലെ സാനിയ. ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഉമ്മയ്ക്കു കൂട്ടുവന്നതായിരുന്നു ബികോം വിദ്യാർഥിയായ സാനിയ. അപ്പോഴാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട യുവതിയെക്കണ്ടത്. ദേഹമാസകലം മുറിവുമായി, കൂട്ടിനാരുമില്ലാതെ കട്ടിലിൽ തളർന്നുകിടക്കുകയായിരുന്നു യുവ‌തി. കാര്യങ്ങൾ തിരക്കിയപ്പോൾ ഒഡീഷ സ്വദേശിനിയാണെന്നു മനസ്സിലായി. ഭാഷയറിയാതെ, ആരോടും സംസാരിക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്ന നിലയിലായിരുന്നു അവരപ്പോൾ.

പത്താം ക്ലാസ് വരെ മൈസൂരുവിൽ പഠിച്ച സാനിയയ്ക്ക് ഹിന്ദി നന്നായി വഴങ്ങും. പേരും വിവരങ്ങളുമെല്ലാം ഹിന്ദിയിൽ ചോദിച്ചപ്പോൾ യുവതി സാനിയയോടു സംസാരിച്ചുതുടങ്ങി. പേര് പ്രിയദർശിനി പോൾ. ഒഡീഷയിൽ നഴ്സാണ്. ഭർത്താവ് ഡോ. ബിഷ്ണുപ്രസാദ് ചിന്നാരയ്ക്കും സുഹൃത്ത് ഡോ. സ്വാധിൻ പാണ്ടയ്ക്കും സ്വാധിനിന്റെ ഭാര്യ ഡോ. സ്വികൃതി മൊഹാപത്രയ്ക്കുമൊപ്പം 3 ദിവസം മുൻപാണു ചൂരൽമലയിലെത്തിയത്. ഉരുൾപൊട്ടലിൽ റിസോർട്ട് തുടച്ചുനീക്കപ്പെട്ടപ്പോൾ എല്ലാവരും കുത്തൊഴുക്കിൽപെട്ടു. ഭർത്താവിനെയും ഡോ. സ്വാധിനിനെയും കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല. ഡോ. സ്വികൃതി അതീവഗുരുതരാവസ്ഥയിൽ ഇതേ ആശുപത്രിയിൽ വെന്റിലേറ്ററിലുണ്ട്.

പ്രിയദർശിനിക്കും ദേഹമാകെ മുറിവേറ്റിട്ടുണ്ട്. വസ്ത്രങ്ങൾ മാറാനും ശുചിമുറിയിൽ പോകാനും പ്രിയദർശിനിക്കു താങ്ങായി സാനിയ കൂടെയുണ്ട്. വയനാട് സ്വദേശി താഹിറാണ് ‌ബന്ധുക്കളെ കണ്ടെത്താൻ സഹായവുമായി ഓടിയെത്തിയത്. താഹിറിന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം പഠിച്ചവരാണു ഡോ. ബിഷ്ണുപ്രസാദും ഡോ. സ്വാധിനും. ഇവർ അപകടത്തിൽപെട്ടത് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. പ്രിയദർശിനിയുടെ അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവരെ അറിയിച്ച് അവരെ ആശുപത്രിയിൽ എത്തിക്കാനും താഹിറിനു കഴിഞ്ഞു.

English Summary:

Student supports a stranded Odisha native

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com