ADVERTISEMENT

തിരുവനന്തപുരം∙ മദ്യനയവുമായി ബന്ധപ്പെട്ടു കോഴ ആരോപിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിന്റെ ഉറവിടമറിയാൻ തുടരന്വേഷണം ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. ഗൂഢാലോചനയ്ക്കു തെളിവു കണ്ടെത്താനായില്ലെന്നും ഇടുക്കിയിലെ ബാറുടമകളുടെ സംഘടനയുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമായിരുന്ന 47 പേരുടെ ഫോൺ പിടിച്ചെടുത്തു പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശബ്ദരേഖ ഗ്രൂപ്പിൽനിന്നു പുറത്തുവിട്ടത് ആരെന്നു കണ്ടെത്താനാണു കൂടുതൽ അന്വേഷണവും പരിശോധനയും വേണമെന്ന നിലപാട്. ശബ്ദരേഖ വിവാദമായതിനെത്തുടർന്നു മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ കേസെടുക്കാതെയായിരുന്നു പ്രാഥമിക അന്വേഷണം.

ശബ്ദരേഖയിൽ ബാർ ഉടമ അനിമോൻ ആരോപിക്കുന്ന തരത്തിൽ പണപ്പിരിവ് നടന്നിട്ടുണ്ടോ, പിരിച്ചെങ്കിൽ ഉദ്ദേശ്യമെന്ത്, പണം എന്തു ചെയ്തു, ശബ്ദസന്ദേശമിട്ടതിന്റെ കാരണമെന്ത്, ഇത് എങ്ങനെ പുറത്തുവന്നു എന്നീ കാര്യങ്ങളാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. എസ്പി പി.എസ്.മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അനിമോനടക്കം 130 ബാറുടമകളുടെ മൊഴിയെടുത്തു.

ആസ്ഥാനമന്ദിരം വാങ്ങാനാണു പണം പിരിച്ചതെന്നും ഇടുക്കി ജില്ലാ കമ്മിറ്റിയോട് 50 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടെന്നുമാണു മൊഴികൾ. അന്വേഷണസംഘത്തിനു മുൻപിൽ ശബ്ദരേഖയിലെ ആരോപണത്തിൽനിന്ന് അനിമോൻ മലക്കം മറിഞ്ഞു. പിരിവ് കാര്യക്ഷമമായി നടത്താത്തതിനു സംഘടനാ നേതൃത്വം വിമർശിച്ചതിന്റെ പ്രകോപനത്തിലാണു ശബ്ദസന്ദേശം ഗ്രൂപ്പിൽ ഇട്ടതെന്നാണു മൊഴി.

സംഘടനയുടെ അക്കൗണ്ട്സ് ബുക്ക് അടക്കം മുപ്പതിലധികം രേഖകളും അംഗങ്ങളുടെ വാട്സാപ് ചാറ്റുകളും സംഘം പരിശോധിച്ചു. കോഴ നൽകാനായി പണം പിരിച്ചതിനു മൊഴിയോ, തെളിവോ ഇല്ലെന്നു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ശബ്ദരേഖ ഗ്രൂപ്പിനു പുറത്തുപോയത് എങ്ങനെയെന്നത് അറിയാനായിട്ടില്ല. ശബ്ദരേഖ മായ്ച്ചു കളയുകയും ഗ്രൂപ്പിൽനിന്നു പലരും പുറത്തുപോവുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ചോർച്ച കണ്ടെത്തണമെങ്കിൽ തുടരന്വേഷണവും ഫോണുകളിൽ ശാസ്ത്രീയ പരിശോധനയും വേണമെന്നുള്ള റിപ്പോർട്ട്. ആരോപണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെങ്കിലും അനിമോനെതിരെ അന്വേഷണത്തിനു ശുപാർശയില്ല. ആരുടെയും പേരോ, പദവിയോ ശബ്ദരേഖയിൽ എടുത്തു പറയുന്നില്ലെന്നതാണ് ഇതിനു ന്യായീകരണം. എഡിജിപി എച്ച്.വെങ്കിടേഷിനാണു റിപ്പോർട്ട് സമർപ്പിച്ചത്.

എല്ലാ അന്വേഷണവും ഒരേ വഴിക്ക്

വിവാദത്തിനു മുൻപ് പേരു വെളിപ്പെടുത്താതെ ചില ബാറുടമകളും പിന്നീട് പ്രതിപക്ഷ നേതാവും അന്വേഷണമാവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചിരുന്നു. എക്സൈസ് ഇന്റലിജൻസ് അന്വേഷിച്ച് ആരോപണത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയെന്നാണു നിയമസഭയിൽ മന്ത്രി അറിയിച്ചത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഈ വഴിക്കായതോടെ, പുതിയ മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കാനാകും സർക്കാർ ശ്രമം.

English Summary:

Crime Branch Report on Bar Bribery Allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com