ലാത്വിയയിൽ മുങ്ങിമരിച്ച ആൽബിന്റെ സംസ്കാരം ഇന്ന്
Mail This Article
മൂന്നാർ∙ ലാത്വിയയിൽ തടാകത്തിൽ മുങ്ങിമരിച്ച ആനച്ചാൽ സ്വദേശിയായ വിദ്യാർഥി ആൽബിന്റെ സംസ്കാരം ഇന്നു 2.30 ന് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. ഇന്നലെ രാവിലെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം റോഡുമാർഗം ഇന്നു 9ന് ആനച്ചാലിലെ വീട്ടിലെത്തിക്കും. വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 1 മുതൽ 2.30 വരെ തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലെ പൊതുദർശനത്തിനു ശേഷമാണു സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്.
വ്യാഴാഴ്ച ബെംഗളൂരിലെത്തിച്ചു വെള്ളിയാഴ്ച സംസ്കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇസ്തംബുളിൽ നിന്നുള്ള വിമാനം റദ്ദു ചെയ്തതിനാലാണ് രണ്ടു ദിവസം വൈകിയത്. ആനച്ചാൽ അമ്പലത്തിനു സമീപം താമസം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിൻ (19) കഴിഞ്ഞ 18നാണ് ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചത്.
തിരച്ചിലിനൊടുവിൽ മൂന്നുദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ലാത്വിയയിലെ റിഗയിലെ നോവി കൊണ്ടാസ് മാരിടൈം കോളജിൽ മറൈൻ എൻജിനീയറിങ് പഠനത്തിനായി ആറു മാസം മുൻപാണ് ആൽബിൻ എത്തിയത്. മാതാവ്: റീന. സഹോദരി: ആൻറിയ.