വരുംവർഷങ്ങളിൽ ആവശ്യകത കൂടും; ഉൽപാദനം കൂട്ടാൻ പദ്ധതിയുമായി റബർ ബോർഡ്
Mail This Article
കോട്ടയം ∙ വരുംവർഷങ്ങളിൽ റബറിന്റെ ആവശ്യകത കൂടുമെന്നും ഇപ്പോൾ റബർവില കൂടിയതിന്റെ നേട്ടം കൊയ്യാൻ റബർക്കർഷകർ ശ്രമിക്കണമെന്നും റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ. യൂറോപ്പിലേക്കു കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾ പ്രകൃതിക്കു ദോഷകരമല്ലാത്ത രീതിയിൽ ഉൽപാദിപ്പിച്ചവയാകണമെന്ന യൂറോപ്യൻ യൂണിയന്റെ പുതിയ വനനിയമം (ഇയുഡിആർ) രാജ്യത്തെ റബർക്കയറ്റുമതിയെ ദോഷകരമായി ബാധിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടയർ നിർമാണ മേഖലയിൽ പ്രകൃതിദത്ത റബറിന്റെ ആവശ്യകത കൂടി. എന്നാൽ ഇതിന് അനുസരിച്ച് ആഭ്യന്തര ഉൽപാദനം നടക്കുന്നില്ല. 2023–24ൽ രാജ്യത്ത് ഉൽപാദിപ്പിച്ചത് 8,57,000 ടൺ റബറാണ്. 14,16,000 ടണ്ണായിരുന്നു ഉപയോഗം. ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ റബർ രാജ്യത്തുതന്നെ ഉൽപാദിപ്പിച്ചു സുസ്ഥിരവളർച്ച നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 999.86 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റബർ കൃഷി വികസനം, വിജ്ഞാന വ്യാപനം, റബർ ഗവേഷണം, സാങ്കേതികവിദ്യ നടപ്പാക്കൽ, അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം എന്നിവയാണു പദ്ധതികൾ.
ഉൽപാദനം കുറഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി മികച്ചയിനം മരങ്ങൾ കൃഷി ചെയ്യുന്നതിനുള്ള പദ്ധതിയിൽ ഹെക്ടറിനു 40,000 രൂപ ധനസഹായം നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഓരോ വർഷവും 6000 ഹെക്ടർ തോട്ടങ്ങൾ വീതം ആവർത്തന കൃഷി ചെയ്യുന്നതിനാണു ബോർഡ് ലക്ഷ്യമിടുന്നതെന്നും എം.വസന്തഗേശൻ പറഞ്ഞു.
വീണ്ടും 200 കടന്ന് രാജ്യാന്തര റബർവില; ആഭ്യന്തരവില 238
കറുകച്ചാൽ ∙ റബറിന്റെ രാജ്യാന്തരവില വീണ്ടും 200 കടന്നു. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 202.58 രൂപയാണ്. കഴിഞ്ഞ ജൂൺ 14നാണു രാജ്യാന്തരവില 200 രൂപയിൽ നിന്നു താഴേക്കു പോയത്. 161 രൂപ വരെയെത്തിയ വിലയാണു വീണ്ടും 200 കടന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ടയർ നിർമാണത്തിനു പ്രകൃതിദത്ത റബർ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും ഇതു മൂലം ആവശ്യം കൂടിയതായും രാജ്യാന്തര വിദഗ്ധർ പറയുന്നു.
ആഭ്യന്തരവില വീണ്ടും ഉയരുകയാണ്. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കിലോയ്ക്ക് 238 രൂപയായി. അഗർത്തല മാർക്കറ്റിലെ വില 228 രൂപയായി ഉയർന്നു. ലാറ്റക്സ് വില 230– 232 രൂപയായി. സ്പോട് വില 245 രൂപയാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ മഴമറ സ്ഥാപിക്കലും ടാപ്പിങ്ങും പുനരാരംഭിച്ചു.