ADVERTISEMENT

കൊല്ലം∙ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ നിക്ഷേപം തട്ടിയെടുക്കുന്നതിന് ബിഎസ്എൻഎൽ റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജരായ വയോധികനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി. അഞ്ചു പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. പ്രതികൾ ആശയവിനിമയം നടത്താതിരിക്കാൻ 4 പൊലീസ് സ്റ്റേഷനുകളിലായി പാർപ്പിച്ചാണ് ചോദ്യം ചെയ്യൽ.

പാപ്പച്ചനെ ഇടിച്ചിട്ട കാർ ഓടിച്ചിരുന്ന ഒന്നാം പ്രതി അനിമോൻ (44) വെസ്റ്റ് പൊലീസ് സ്റ്റേഷൻ ലോക്കപ്പിലാണ്. രണ്ടാം പ്രതി ഓട്ടോറിക്ഷ ഡ്രൈവർ ആയ മാഹിനെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലാണ് പാർപ്പിച്ചിട്ടുള്ളത്. മൂന്നാം പ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയുമായ ധനകാര്യ സ്ഥാപനത്തിന്റെ മുൻ മാനേജർ സരിത കൊല്ലം വനിതാ സെല്ലിലും നാലാം പ്രതിയും ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് എക്സിക്യൂട്ടീവുമായ കെ.പി.അനൂപ്, കൊലയ്ക്ക് ഉപയോഗിച്ച കാർ നൽകിയ അ‍ഞ്ചാം പ്രതി ഹാഷിഫ് എന്നിവർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുമാണ്.

ഒന്നാം പ്രതി അനിമോന്റെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പൊലീസ് നേരത്തേ ശേഖരിച്ച തെളിവുകൾ വച്ചാണു ചോദ്യം ചെയ്യൽ. മൊഴിയെടുപ്പു പൂർത്തിയായ ശേഷമേ തെളിവെടുപ്പിന് കൊണ്ടുപോകൂവെന്നു പൊലീസ് വ്യക്തമാക്കി. മൊഴിയെടുപ്പു പൂർത്തിയാക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ഇന്നലെ വൈകിട്ട് സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാറിന്റെ സാന്നിധ്യത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.

കൊല്ലം ശങ്കേഴ്സ് ജംക്‌ഷനു സമീപം കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചനെ (82) മേയ് 23ന് ആണ് കാർ ഇടിച്ചു കൊലപ്പെടുത്തിയത്. ആദ്യം അപകട മരണമെന്നായിരുന്നു കരുതിയത്. പിന്നീടാണ് ആസൂത്രിത കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തിയത്. പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചൻ 1964 ൽ ബിഎസ്എൻഎൽ കൊല്ലം ഓഫിസിൽ ജോലി കിട്ടിയതോടെയാണ് കൊല്ലത്തെത്തിയത്. 

സരിതയുടെ ജന്മനാട് കൊല്ലം?

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രക എന്നു പൊലീസ് പറയുന്ന മൂന്നാം പ്രതി സരിത ജനിച്ചതും സ്കൂൾ വിദ്യാഭ്യാസം നടത്തിയതും തിരുവനന്തപുരത്താണെങ്കിലും കൊല്ലത്താണ് കുടുംബ വേരുകൾ. തിരുവനന്തപുരം പേരൂർക്കടയിൽ ദീർഘകാലം താമസിച്ചിട്ടുണ്ട്. സരിത 1999–2002 കാലഘട്ടത്തിലാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബിക്ക് പഠിച്ചത്. പഠനത്തിനു ശേഷം വിദേശത്ത് ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയ സരിത തിരികെ എത്തി കൂടെ പഠിച്ച അഭിഭാഷകന്റെ ജൂനിയർ ആയി 2012ൽ പ്രാക്ടിസ് തുടങ്ങി. രണ്ടു വർഷത്തോളം അവിടെ അവിടെ പ്രാക്ടിസ് ചെയ്തു. ആദ്യ വിവാഹ ബന്ധം പിന്നീട് തെറ്റിപ്പിരിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തട്ടിപ്പു നടത്തിയ ധനകാര്യ സ്ഥാപനത്തിൽ ജോലിക്ക് എത്തിയത് 5 വർഷം മുൻപാണ്. അതിനു മുൻപ് വാഹന വായ്പ നൽകുന്ന ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.

തെരുവുനായ്ക്കൾ കാത്തിരുന്നു

പാപ്പച്ചൻ ഇല്ലാതായത് ആ തെരുവു നായ്ക്കൾ അറിഞ്ഞില്ല. സൈക്കിളിൽ പതിവായി ഭക്ഷണവുമായി വരുന്ന ‘അന്നദാതാവിനെ’ അവ കാത്തിരിക്കുമായിരുന്നു. ക്വട്ടേഷൻ സംഘം കാർ ഇടിച്ചു കൊലപ്പെടുത്തിയ പാപ്പച്ചൻ ആയിരുന്നു ആ തെരുവു നായ്ക്കളുടെയും പൂച്ചകളുടെയും അന്നദാതാവ്. ആശ്രാമം മൈതാനത്തും ശങ്കേഴ്സ് ജംക്‌ഷൻ മുതൽ രണ്ടാംകുറ്റി വരെയും ദിവസവും തെരുവു നായ്ക്കൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുമായിരുന്നു. കടകളിൽ നിന്ന് ഇറച്ചിക്കറിയും പൊറോട്ടയും ബിസ്കറ്റും വാങ്ങിയാണ് നൽകിയിരുന്നത്. നായ്ക്കളെ സംരക്ഷിക്കുന്നവർക്കും പണം അയച്ചു കൊടുക്കുമായിരുന്നു. 

English Summary:

Interrogation of Accused in Pappachan Murder case Underway in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com