വീടിനെതിരെ ‘ക്രോ’ട്ടേഷൻ; രണ്ടുമാസമായി വീടിനു പുറത്തും അകത്തുമുള്ള സാധനങ്ങൾ നശിപ്പിച്ച് കാക്കകൾ
Mail This Article
പോരൂർ (മലപ്പുറം) ∙ പൂത്രക്കോവ് പള്ളിക്കുന്ന് കിഴക്കുവീട്ടിൽ ശ്രീധരന്റെ വീട്ടിൽ രണ്ടുമാസമായി ‘കാക്കക്കലി’യാണ്. വീട്ടിൽനിന്നു വസ്ത്രങ്ങൾ ഉൾപ്പെടെ സ്ഥിരമായി കാണാതായതോടെ ‘കള്ളനെ’ കണ്ടെത്താൻ നടത്തിയ അന്വേഷണമാണു കാക്കകളിൽ എത്തിയത്. ശ്രീധരന്റെ ഭാര്യ അങ്കണവാടി അധ്യാപിക സരസ്വതിയുടെ കണ്ണട കാക്ക കൊത്തിക്കൊണ്ടുപോയി പൊട്ടിച്ച് അടുത്ത പറമ്പിലിട്ടതു വീട്ടുകാർ കണ്ടുപിടിച്ചു. പിന്നീടു ശ്രദ്ധിച്ചപ്പോഴാണു വസ്ത്രങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും ചെറിയ പാത്രങ്ങളുമൊക്കെ കാക്കകൾ നശിപ്പിക്കുന്നതു കണ്ടെത്തിയത്. കോഴിക്കൂടിനുള്ളിൽ കുടുങ്ങിയ ഒരു കാക്കയെ രക്ഷപ്പെടുത്തി വിട്ടയച്ചതിനു ശേഷമാണു ശല്യം തുടങ്ങിയതെന്നു വീട്ടുകാർ പറയുന്നു. വീട്ടിൽ എന്തെങ്കിലും കാണാതെപോയാൽ അടുത്ത പറമ്പുകളിൽ തിരയേണ്ട സ്ഥിതിയാണിപ്പോൾ.
രണ്ടു കാക്കകളാണു സ്ഥിരംശല്യക്കാർ. വീടിന്റെ പുറത്ത് എന്തുവച്ചാലും കാക്കകൾ നശിപ്പിക്കും. വിരിച്ചിട്ടിരിക്കുന്ന തുണികൾ കൊത്തിക്കീറും. തോർത്തും നൈറ്റിയും ഷർട്ടുമൊക്കെ കൊത്തിക്കൊണ്ടുപോകുമെന്ന് ഇവർ പറയുന്നു. കാക്കകളുണ്ടാക്കുന്ന നഷ്ടം 50,000 രൂപ കടന്നപ്പോൾ വീട്ടുകാർ പഞ്ചായത്തിൽ പരാതി കൊടുത്തു. കാക്കകളെ പിടികൂടാൻ നിലവിൽ പഞ്ചായത്ത് ചട്ടങ്ങളിൽ ‘വകുപ്പി’ല്ലാത്തതിനാൽ അവരും കൈമലർത്തി.
വാതിലോ ജനലോ തുറന്നിട്ടാൽ വീടിനുള്ളിൽ കയറിയും കാക്ക സാധനങ്ങൾ നശിപ്പിക്കും. വാതിലും ജനലും സ്ഥിരമായി അടച്ചിടാൻ തുടങ്ങിയപ്പോൾ എയർഹോളിനുള്ളിൽകൂടി കയറാൻ തുടങ്ങി. ഒടുവിൽ എല്ലായിടത്തും വലയിട്ടു. എന്നാൽ അടുക്കളയുടെ ഭാഗത്തിട്ട വലകളെല്ലാം കാക്കകൾ നശിപ്പിച്ചു. കൂടുതൽ ഉറപ്പുള്ള വലകൾ ഇട്ടിട്ടും രക്ഷയില്ലാതായതോടെ കാക്ക കയറുന്ന ഭാഗങ്ങളിലെല്ലാം ഇരുമ്പുഗ്രില്ലിട്ടു സുരക്ഷിതമാക്കാനുള്ള പണി തുടങ്ങിയിരിക്കുകയാണു വീട്ടുകാർ.