റെയിൽവേ: കേന്ദ്രമന്ത്രിയുടെ വിമർശനം ‘ട്രാക്ക് മാറി’
Mail This Article
തിരുവനന്തപുരം ∙ റെയിൽവേ പദ്ധതികൾക്കു കേരളം ഭൂമിയേറ്റെടുത്തു നൽകുന്നതിൽ പൂർണ പരാജയമാണെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ വിമർശനം, അനുമതി നൽകാത്ത പദ്ധതിക്കുള്ള ഭൂമിയുടെ അളവു കൂടി ഉൾപ്പെടുത്തിയാണെന്നു രേഖകൾ .
459.54 ഹെക്ടർ ഭൂമി ആവശ്യമായതിൽ 62.83 ഹെക്‌ടർ മാത്രമാണു ലഭിച്ചതെന്നാണു മന്ത്രി ലോക്സഭയിൽ പറഞ്ഞത്. എന്നാൽ നിർമാണത്തിലുള്ള 3 പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ മാത്രമാണു കേരളത്തിലുള്ളത്.
തിരുവനന്തപുരം–പാറശാല, എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ എന്നീ പദ്ധതികൾക്കായി 51 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തു നൽകാൻ റെയിൽവേ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 32 ഹെക്ടർ ഇതിനകം കൈമാറിയതായി രേഖകൾ തെളിയിക്കുന്നു. 19 ഹെക്ടർ ഭൂമിയാണ് ഇനി കേരളം ഏറ്റെടുക്കാനുള്ളത്.
റെയിൽവേ ബോർഡ് എസ്റ്റിമേറ്റ് അംഗീകരിക്കാത്തതിനാൽ പണം ചെലവാക്കാൻ കഴിയാത്ത തുറവൂർ–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, റെയിൽവേ ബോർഡ് മരവിപ്പിച്ച ഗുരുവായൂർ–തിരുനാവായ, അങ്കമാലി–എരുമേലി ശബരി പാത എന്നീ പദ്ധതികൾക്കാവശ്യമായ ഭൂമിയുടെ അളവും ഉൾപ്പെടുത്തിയാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഈ പദ്ധതികളുടെ എസ്റ്റിമേറ്റിന് അനുമതി നൽകേണ്ടത് റെയിൽവേയാണ്.
തുറവൂർ–അമ്പലപ്പുഴ (46 കിലോമീറ്റർ) പാത ഇരട്ടിപ്പിക്കലിന്റെ എസ്റ്റിമേറ്റ് മാസങ്ങളായി അനുമതി കാത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലുണ്ട്. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കേരളത്തിൽ തിരുവനന്തപുരം മുതൽ പാറശാല വരെയാണു ഭൂമി ഏറ്റെടുക്കേണ്ടത്.
നേമം വരെയുള്ള ഭൂമി റെക്കോഡ‍് വേഗത്തിൽ കേരളം കൈമാറിയിരുന്നു. എന്നാൽ, ജല അതോറിറ്റി പൈപ്പ് മാറ്റാൻ വൈകിയതു മൂലം ലഭിച്ച ഭൂമിയിൽ നിർമാണം തുടങ്ങാൻ റെയിൽവേയ്ക്കു കഴിഞ്ഞില്ല. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ സെക്‌ഷനുകളിൽ ഭൂമിയേറ്റെടുക്കുന്ന നടപടികൾ ഇഴയുകയാണ്.
എറണാകുളം ജില്ലയിൽ ഭൂമി കൈമാറിത്തുടങ്ങിയെങ്കിലും ആലപ്പുഴ ജില്ലയിൽ ഇഴയുകയാണ്.റെയിൽവേ നിർമാണ വിഭാഗം ചീഫ് സെക്രട്ടറിയുമായി പലതവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.