എൻഎസ്എസിനെതിരെ വ്യാജപ്രചാരണമെന്ന് ജി. സുകുമാരൻ നായർ
Mail This Article
ചങ്ങനാശേരി ∙ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾക്കുമെതിരെ നിയമനടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 2013ലെ കമ്പനി നിയമം എൻഎസ്എസിനു ബാധകമാണെന്നു പറഞ്ഞ് ചിലർ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ കൊച്ചി ബെഞ്ച് മുൻപാകെ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. അതിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു. കമ്പനി നിയമം 2013 എൻഎസ്എസിനു ബാധകമല്ലെന്നും കേരള നോൺ ട്രേഡിങ് കമ്പനി നിയമം 1961 ആണ് ബാധകമെന്നുള്ള വാദം അംഗീകരിച്ച ഹൈക്കോടതി, നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ എൻഎസ്എസിന് എതിരായ തുടർനടപടികൾ സ്റ്റേ ചെയ്തെന്നും സുകുമാരൻ നായർ പറഞ്ഞു.
-
Also Read
കെ.സി. വേണുഗോപാൽ പിഎസി അധ്യക്ഷൻ
ഇതിനിടെ 2013 കമ്പനി നിയമത്തിലെ വിവിധ വകുപ്പുകൾ ലംഘിച്ചെന്ന് ആരോപിച്ച് ഒരു വ്യക്തി എൻഎസ്എസിനെതിരെ എറണാകുളം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളും സ്റ്റേ ചെയ്ത ഹൈക്കോടതി 2025 ജനുവരി എട്ടുവരെ സ്റ്റേ നീട്ടുകയും ചെയ്തു. ഇക്കാര്യം മൂടിവച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലർ അപവാദപ്രചാരണം നടത്തുകയാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
എൻഎസ്എസ് പോലെ കേരളത്തിലുള്ള നോൺ ട്രേഡിങ് കമ്പനികൾക്ക് കമ്പനി നിയമം 2013 ബാധകമാണോ എന്നുള്ള കാര്യം പരിശോധിക്കാനായുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സുകുമാരൻ നായർ പറഞ്ഞു.