‘കാഫിർ’ കേസ് നാളെ വീണ്ടും കോടതിയിൽ; പൊലീസിന് ഉത്തരം നൽകാതെ ‘മെറ്റ’
Mail This Article
കോഴിക്കോട് ∙ വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസ് നാളെ വീണ്ടും ഹൈക്കോടതിയിൽ എത്തുമ്പോൾ സമൂഹമാധ്യമ കമ്പനിയായ ‘മെറ്റ’യിൽ നിന്നു മറുപടി ലഭിക്കാതെ പൊലീസ്. പോസ്റ്റ് പ്രചരിപ്പിച്ച ഇടതു വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിലേക്ക് അന്വേഷണം എത്തിയിട്ടുണ്ടെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ അതു പോരെന്ന നിലപാടിലാണു പൊലീസ്. കൂടുതൽ വിവരങ്ങൾ മെറ്റയിൽ നിന്നു ലഭിച്ചാൽ മാത്രമേ പോസ്റ്റിന്റെ ഉറവിടം സംബന്ധിച്ചു കൃത്യമായി അറിയാനാകൂ എന്നാണു കഴിഞ്ഞ റിപ്പോർട്ടിൽ പൊലീസ് കോടതിയെ അറിയിച്ചത്.
മെറ്റയുടെ മറുപടി ലഭിച്ചില്ലെങ്കിലും പൊലീസ് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടാക്കി നാളെ കോടതിയിൽ സമർപ്പിക്കും. കേസ് ഡയറിയും ഹാജരാക്കുമെന്നാണു വിവരം. തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് കാസിം സമർപ്പിച്ച ഹർജിയാണ് നിലവിൽ ഹൈക്കോടതിയിലുള്ളത്. ജൂലൈ 10നും ഓഗസ്റ്റ് 12നും അന്വേഷണ പുരോഗതി സംബന്ധിച്ചു പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അവസാനം നൽകിയ റിപ്പോർട്ടിലാണ് അന്വേഷണം എത്തി നിൽക്കുന്ന ഇടതു സൈബർ ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരം കൈമാറിയത്.
സ്ക്രീൻഷോട്ട് വ്യാജമാണെന്നു തിരിച്ചറിഞ്ഞ ശേഷവും ‘പോരാളി ഷാജി’യുടെ പേരിലുള്ള അക്കൗണ്ടിൽ ഈ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. ഇതു നീക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഫെയ്സ്ബുക് നീക്കിയില്ല. ഇതേ തുടർന്നു ഇന്ത്യയിലെ ഫെയ്സ്ബുക് നോഡൽ ഓഫിസറെ കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. നോഡൽ ഓഫിസർ അശ്വിൻ മധുസൂദനനെതിരെ സമൻസ് അയയ്ക്കാനും പൊലീസ് വടകര കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
പോരാളി ഷാജിയുടെ അഡ്മിൻ വഹാബ്, റെഡ് എൻകൗണ്ടേഴ്സ് ഗ്രൂപ്പ് അഡ്മിൻ റിബേഷ് രാമകൃഷ്ണൻ എന്നിവരുടെ ഫോൺ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലവും ലഭിക്കാനുണ്ട്.
സ്ക്രീൻഷോട്ടിനു മുൻപേ പറന്ന് പ്രസംഗവും !
വിവാദ കാഫിർ സ്ക്രീൻഷോട്ട് ഇറങ്ങുന്നതിനു രണ്ടു ദിവസം മുൻപു സിപിഎം നേതാവ് നടത്തിയ പ്രസംഗം വടകരയിൽ വീണ്ടും ചർച്ചയാകുന്നു. കുന്നുമ്മലിലെ സിപിഎം പ്രാദേശിക നേതാവ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിക്കുന്നതിന്റെ വിഡിയോ ആണു പ്രചരിക്കുന്നത്.
‘അഞ്ചു നേരം നിസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ് ഷാഫി പറമ്പിൽ, മറ്റേതോ കാഫിറായ സ്ത്രീ’ എന്നാണ് വിവാദ സ്ക്രീൻ ഷോട്ടിലുള്ളത്. പ്രസംഗത്തിലും സമാന കാര്യങ്ങളാണ് പറയുന്നത്. ‘‘ഷാഫി പറമ്പിൽ ദീനിയായ മോനാണ്, അഞ്ചു നേരം നിസ്കരിക്കുന്നവാണ്, നല്ല മുസൽമാനാണ്’’ എന്നിങ്ങനെ വർഗീയ പ്രചാരണം നടത്തിയാണ് യുഡിഎഫ് വോട്ട് പിടിക്കുന്നതെന്നു പ്രസംഗത്തിൽ പറയുന്നു. പ്രചാരണത്തിനിടെ സിപിഎം ഉപയോഗിച്ച ഇതേ വാക്കുകളാണ്, പിന്നീട് എംഎസ്എഫ് ജില്ലാ സെക്രട്ടറിയുടെ പേരിൽ അടിച്ചിറക്കിയതെന്നു ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല ആരോപിച്ചു.