ADVERTISEMENT

മൂവാറ്റുപുഴ ∙ പതിനെട്ടു വർഷം മുൻപുള്ള സ്വർണമോഷണക്കേസിലെ പ്രതിയെ തിരഞ്ഞു മുംബൈയിലെത്തിയ കേരള പൊലീസ് കണ്ടത് 4 ജ്വല്ലറികളുടെ ഉടമയെ. ആഡംബര ബംഗ്ലാവിൽ താമസിക്കുന്ന മോഷ്ടാവിനെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നു സാഹസികമായി അറസ്റ്റ് ചെയ്തു പൊലീസ് മൂവാറ്റുപുഴയിലെത്തിച്ചു. 2006ൽ മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നടന്ന 30 പവൻ മോഷണക്കേസിലാണു കടയിലെ സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ (53) മുംബൈ മുളുണ്ടിൽനിന്നു പിടികൂടിയത്. 

നവകേരള സദസ്സിൽ ജ്വല്ലറി ഉടമ നൽകിയ പരാതിയെത്തുടർന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നൽകാമെന്നും വിട്ടയയ്ക്കണമെന്നുമാണ് യാദവ് ആദ്യം അഭ്യർഥിച്ചത്. സമ്പന്നനായ അയൽവാസി മോഷണക്കേസിൽ പൊലീസ് തിരയുന്ന പ്രതിയാണെന്നു നാട്ടുകാരിൽ പലരും ആദ്യം വിശ്വസിച്ചില്ല. 

കല്ലറയ്ക്കൽ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. 15 വർഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയിൽ താമസിച്ചിരുന്നു. ഇയാൾ പതിവായി ജ്വല്ലറിയിൽനിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയിരുന്നു. 2006ൽ ഇങ്ങനെ പോയശേഷം തിരികെയെത്തിയില്ല. മൂവാറ്റുപുഴയിലെ സുഹൃത്തിൽനിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതം മുങ്ങുകയായിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ മുംബൈയിലെത്തിച്ചത്. ചില തിരിച്ചറിയൽ രേഖകളിൽനിന്നു മക്കളുടെ അക്കൗണ്ടുകൾ കണ്ടെത്തി.

മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമയും ചില സൂചനകൾ കൈമാറിയിരുന്നു. 18 വർഷം മുൻപു മുങ്ങി ചെറിയതോതിൽ സ്വർണ ബിസിനസ് തുടങ്ങിയ യാദവ് പൊലീസ് കണ്ടെത്തുമ്പോഴേക്കും 4 ജ്വല്ലറികളുടെ ഉടമയായിക്കഴിഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണു പൊലീസ് നാട്ടിലേക്കു മടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. 

English Summary:

Eighteen years ago gold thief accused in Muvatupuzha is now gold merchant in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com