ADVERTISEMENT

കാഞ്ഞങ്ങാട് (കാസർകോട്) ∙ ഒരു സ്വപ്നജീവിയായിരുന്നു ഞാൻ. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്നു പഠിക്കാൻ പോയി രാത്രി പഴയ തറവാടു വീടുകളിൽ കിടന്നുറങ്ങുമ്പോൾ, മരഗോവണിവഴി ഇറങ്ങിവരുന്ന പാദസരശബ്ദം കേൾക്കുന്നുണ്ടോ, പിറ്റേന്ന് അവിടെ വളപ്പൊട്ടുകൾ കിടക്കുന്നുണ്ടോ എന്നൊക്കെ തപ്പിനടന്നയാൾ. അന്ന് എന്നെ ആ സ്വപ്നത്തിലേക്കു നയിച്ചതും കൊതിപ്പിച്ചതും എഴുത്തുകാരാണ്– സംവിധായകൻ ലാൽ ജോസ് പറഞ്ഞു നിർത്തിയപ്പോൾ എഴുത്തുകാരൻ സി.വി.ബാലകൃഷ്ണന്റെ മുഖത്ത് ചിരിവിടർന്നു. 

മലയാള മനോരമയുടെ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവത്തിനു മുന്നോടിയായി നടത്തിയ ‘ഹോർത്തൂസ് വായന’ സംഗമത്തിൽ സി.വി.ബാലകൃഷ്ണന്റെ ‘അരുൾ’ എന്ന നോവലിനെയും ലാൽ ജോസ് രചിച്ച ‘ലാൽ ജോസിന്റെ ഭൂപടങ്ങൾ’ എന്ന പുസ്തകത്തെയും കുറിച്ചായിരുന്നു ചർച്ച. വീട് നഷ്ടപ്പെട്ട ചെറുപ്പക്കാരനാണു ഞാൻ. പിന്നെയൊരു അലച്ചിലായിരുന്നു. യാത്രകളിൽ നമ്മുടെ മനസ്സിൽ പല കാഴ്ചകളും പതിയും. ആ കാഴ്ചകളിൽ നിന്നാണ് കഥയും കഥാപാത്രങ്ങളുമൊക്കെ ജനിക്കുന്നത് –സി.വി. വെളിപ്പെടുത്തി. 

അമ്മയുടെ വയറിനുള്ളിലിരുന്ന് ഒറ്റപ്പാലത്തുനിന്നു വലപ്പാട്ടേക്കു നടത്തിയ ബസ് യാത്രകൾ മുതൽ ലൊക്കേഷൻ‍ തേടിയുള്ള യാത്രകൾ വരെയാണ് ‘ലാൽ ജോസിന്റെ ഭൂപടങ്ങളുടെ’ ഇതിവൃത്തം. 21–ാം വയസ്സിൽ സിനിമാ സെറ്റിലെത്തുമ്പോൾ അനുഭവങ്ങളോ അക്കാദമിക പിൻബലമോ ഉണ്ടായിരുന്നില്ലെങ്കിലും കരുത്തായത് വായനയാണ്. പല സംവിധായകരും തിരക്കഥാകൃത്തുകളും കഥാചർച്ചകളിൽ എന്നെയും വിളിച്ചിരുത്തുമായിരുന്നു. അന്നൊക്കെ എന്നെ ഭ്രമിപ്പിച്ചയാളാണു സി.വി.ബാലകൃഷ്ണൻ – ലാൽ ജോസ് പറഞ്ഞു. എഴുത്തുകാരൻ സുജിത് ഭാസ്കർ ചർച്ച നയിച്ചു. മനോരമ ബുക്സ് സീനിയർ സബ് എഡിറ്റർ സ‍ഞ്ജീവ് എസ്.മുരളീധരൻ, മലയാള മനോരമ ചീഫ് റിപ്പോർട്ടർ നഹാസ് പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

നാളെ തിരുവനന്തപുരത്ത്; ഓൾ സെയിന്റ്സ് കോളജിൽ രാവിലെ 10ന്

തിരുവനന്തപുരം ∙ മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരിക ഉത്സവത്തിനു മുന്നോടിയായുള്ള ഹോർത്തൂസ് വായന നാളെ രാവിലെ 10ന് ഓൾ സെയിന്റ്സ് കോളജിൽ നടക്കും. ജി.ദേവരാജനെക്കുറിച്ച് സംഗീതസംവിധായകൻ എം.ജയചന്ദ്രൻ രചിച്ച ‘വരിക ഗന്ധർവ ഗായകാ’ എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള സംവാദമാണ് മുഖ്യപരിപാടി.

എഴുത്തുകാരിയും അധ്യാപികയുമായ എം.പി.പവിത്ര, ഗായികയും ഒഎൻവിയുടെ കൊച്ചുമകളുമായ അപർണ രാജീവ് എന്നിവർ സംഗീതത്തെയും വായനയെയും കുറിച്ച് ജയചന്ദ്രനുമായി സംസാരിക്കും. വിദ്യാർഥികൾ പങ്കെടുക്കുന്ന ചോദ്യോത്തരവേളയുമുണ്ടാകും. നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട് ബീച്ചിലാണ് മനോരമ ഹോർത്തൂസ് സാഹിത്യ–സാംസ്കാരിക ഉത്സവം. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള എഴുത്തുകാരും കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. 

English Summary:

Horthus reading session with CV Balakrishnan and Lal Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com