ADVERTISEMENT

തിരുവനന്തപുരം∙ ഡിജിപിയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത്. പൊലീസുകാരുടെ സർവീസ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണത്താൽ എഡിജിപിക്ക് ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് രേഖാമൂലം താക്കീത് നൽകി. എഡിജിപി തലത്തിലുള്ള ഓഫിസർക്ക് ഇത്തരത്തിൽ ഡിജിപിയുടെ താക്കീത് അസാധാരണ നടപടിയാണ്. ഉപദേശരൂപേണയുള്ള കത്തു നൽകുകയോ നേരിട്ടു വിളിച്ചുവരുത്തി കാര്യങ്ങൾ വിശദീകരിക്കുകയോ ആണു പതിവ്.

യോഗം നടന്ന ദിവസം വയനാട്ടിലെ ദുരന്തമേഖലയിലായിരുന്നതിനാൽ പങ്കെടുക്കാനാകില്ലെന്ന് എഡിജിപിയുടെ ഓഫിസ് ഡിജിപിയുടെ ഓഫിസിനെ അറിയിച്ചിരുന്നതാണെന്നും ഡിജിപിയുടെ നോട്ടിസിന് ഔദ്യോഗികമായി മറുപടി നൽകുമെന്നും മാധ്യമങ്ങളോടു പറയാനില്ലെന്നും എഡിജിപി എം.ആർ. അജിത് കുമാർ പ്രതികരിച്ചു. കഴിഞ്ഞ 13ന് വൈകിട്ട് ഓൺലൈനായി ആയിരുന്നു യോഗം.

ഡിജിപിയും എഡിജിപിയും തമ്മിലുള്ള തർക്കം നേരത്തേ ഉടലെടുത്തതാണ്. പൊലീസിലെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് നിർദേശങ്ങളും നടപടികളുമായി എഡിജിപി എം.ആർ.അജിത് കുമാർ പുറത്തിറക്കിയ സർക്കുലർ വിവാദമായിരുന്നു. ഡിജിപി വിദേശത്തുപോയ സമയത്തായിരുന്നു എഡിജിപിയുടെ സർക്കുലർ. തന്റെ അഭാവത്തിൽ ഇത്തരത്തിൽ സർക്കുലർ ഇറക്കിയതു ശരിയായില്ലെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നായിരുന്നു വിവരം. പൊലീസിലെ മാനസിക സമ്മർദം പരിഹരിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിനു പിന്നാലെയായിരുന്നു എഡിജിപിയുടെ സർക്കുലർ. ഇതു പിൻവലിക്കണമെന്ന് പറയാൻ ഡിജിപിക്ക് കഴിയാതെ വന്നു. പിന്നാലെ യൂണിറ്റ് മേധാവികൾ ഇത്തരം സർക്കുലർ ഇറക്കരുതെന്ന് ഡിജിപി ഉത്തരവിറക്കി.

വയനാട് ഉരുൾപൊട്ടൽ സ്ഥലത്തേക്ക് ആരാണു പോകേണ്ടതെന്ന കാര്യത്തിലും പൊലീസ് തലപ്പത്ത് തർക്കമുണ്ടായെന്നാണ് അന്നു പുറത്തുവന്ന വിവരം. ആ പ്രദേശത്തെ മുതിർന്ന ഉദ്യോഗസ്ഥർ പോയാൽ മതിയെന്നായിരുന്നു ഉന്നതതലത്തിൽ എടുത്ത ആദ്യ തീരുമാനം. പിന്നീട് മുഖ്യമന്ത്രി നിർദേശിച്ച പ്രകാരമാണ് എം.ആർ.അജിത്കുമാറിനെ ഏകോപനത്തിനായി അയച്ചത്. ഇതിലും ഉന്നതതലത്തിൽ അനിഷ്ടമുണ്ടായിരുന്നുവെന്നാണ് പിന്നീടു പുറത്തുവന്ന വിവരം.

English Summary:

DGP warned ADGP for not attending meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com