ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിൽ സമ്പൂർണ നേതൃമാറ്റമുണ്ടാകും. സെക്രട്ടറി പി.എം.ആർഷോ ഉൾപ്പെടെ ഏതാനും പേർക്ക് പ്രായം കവിഞ്ഞെങ്കിൽ, പ്രസിഡന്റ് കെ.അനുശ്രീ ഉൾപ്പെടെ ചിലർക്ക് ഇനിയും സമയം ബാക്കിയുണ്ട്. എന്നാൽ പുതിയവർക്ക് അവസരം ലഭിക്കണമെന്ന പാർട്ടി നിർദേശം കണക്കിലെടുത്ത് ഭാരവാഹികളാകെ ഒഴിയാനാണു സാധ്യത.

ആർഷോയെ കഴിഞ്ഞയാഴ്ച സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു വേദിയായി തിരുവനന്തപുരമാണു പരിഗണനയിലുള്ളത്. ഏറെ വിവാദങ്ങളിൽപെട്ട സംസ്ഥാന നേതൃനിരയാണ് ഈ സമ്മേളനത്തോടെ ഒഴിയുന്നത്. അതിനാൽ പാർട്ടിക്കു കൂടുതൽ നിയന്ത്രണമുള്ള ഭാരവാഹി നിരയാകും പുതിയതായി വരിക.

എസ്എഫ്ഐയിൽ അംഗത്വമെടുക്കാൻ പ്രായപരിധി നിർബന്ധമാക്കിയിട്ടില്ല. എന്നാൽ പുതിയവരെ നേതൃനിരയിലേക്കു കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തിൽ ഭാരവാഹികൾക്ക് 25 വയസ്സ് എന്ന നിർദേശം സിപിഎം നേരത്തേ നൽകിയിരുന്നു. സാഹചര്യം പരിഗണിച്ചു 2 വർഷം വരെ ഇളവു നൽകാറുണ്ട്. ഈ ആനുകൂല്യത്തിലാണ് ആർഷോ ഉൾപ്പെടെ തുടർന്നത്.

ഏതാനും വർഷങ്ങളായി ആരും ഒന്നിലധികം ടേം നേതൃത്വത്തിൽ ഇരുന്നിട്ടില്ല. അതിനു മുൻപു ചുരുക്കം ചിലർ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ രണ്ടു ടേമുകളിലായി വഹിച്ചിട്ടുണ്ട്. 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയായപ്പോൾ പ്രസിഡന്റ്, സെക്രട്ടറി പദങ്ങളിലെത്തിയ വനിതകൾ കുറവാണ്. വയനാട്ടിൽ സെക്രട്ടറിയും കണ്ണൂരിലും കാസർകോട്ടും പ്രസിഡന്റുമാണു വനിതകൾ. അതേസമയം, ഇപ്പോൾ ഒഴിയുന്ന 10 സംസ്ഥാന ഭാരവാഹികളിൽ പ്രസിഡന്റ് ഉൾപ്പെടെ നാലു പേർ വനിതകളാണ്. തുല്യമായ വനിതാ പ്രാതിനിധ്യം അടുത്ത കമ്മിറ്റിയിലും ഉറപ്പാക്കിയേക്കും.

ഈ കമ്മിറ്റിയുടെ കാലത്ത് വിവാദങ്ങൾ ഏറെയുണ്ടായി. കായംകുളത്തു നിഖിൽ തോമസും കൊച്ചിയിൽ കെ.വിദ്യയുമുണ്ടാക്കിയ വ്യാജസർട്ടിഫിക്കറ്റ് വിവാദം, തിരുവനന്തപുരത്തെ യുയുസി ആൾമാറാട്ടം, ആൾക്കൂട്ട വിചാരണയെത്തുടർന്നു പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ സിദ്ധാർഥന്റെ മരണം സംഘടനയെ പ്രതിക്കൂട്ടിലാക്കിയത്, പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന വെല്ലുവിളി, കെഎസ്‍യു ജില്ലാ നേതാവിനെ സർവകലാശാലാ ക്യാംപസിലെ ഇടിമുറിയിൽ കൈകാര്യം ചെയ്തത്, സ്റ്റേഷനിൽ പൊലീസുകാരെ ആക്രമിച്ചത് തുടങ്ങിയവ ഉദാഹരണം.

ഗവർണർക്കെതിരെ സമരപരമ്പരകളുമായി തെരുവിലിറങ്ങി സമരസംഘടനയെന്ന മേൽവിലാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇതിനിടയിൽ നടന്നെങ്കിലും ഗവർണറും സർക്കാരുമായുള്ള ശത്രുത വർധിക്കാൻ ഇതിടയാക്കി. എം.വി.ഗോവിന്ദൻ സിപിഎം സെക്രട്ടറിയായി ചുമതലയേറ്റശേഷമുള്ള എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന സമ്മേളനവുമാണ്. ജില്ലാ സമ്മേളനം എല്ലാ വർഷവുമുണ്ടെങ്കിലും സംസ്ഥാന സമ്മേളനം രണ്ടുവർഷത്തിലൊരിക്കലാണ്.

English Summary:

Leadership change in SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com