ADVERTISEMENT

കൊച്ചി ∙ മലയാള സിനിമാരംഗത്തു ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി ‘കുറ്റക്കാരെ തുറന്നുകാട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന’ നിലപാടു സ്വീകരിച്ചതു പുതിയ നിയമപ്രശ്നങ്ങൾക്കു വഴിതുറക്കുന്നു. കമ്മിറ്റി അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തിയിട്ടും അവർക്കെതിരെ നിയമനടപടികൾ തുടങ്ങാൻ സർക്കാരിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ലൈംഗികചൂഷണത്തിന്റെ സ്വഭാവമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താൻ സർക്കാരോ ഹൈക്കോടതിയോ തീരുമാനിച്ചാൽ ജസ്റ്റിസ് ഹേമ കമ്മിറ്റിയിലെ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി മാത്രമേ മുന്നോട്ടുനീങ്ങാനാകൂ.

സിനിമാരംഗത്തെ പുരുഷന്മാരുടെ ചൂഷണത്തിനും പീഡനത്തിനും ഇരയായവരുടെ പേരു വെളിപ്പെടുത്താതെയാണു മൊഴികൾ കമ്മിറ്റി രേഖപ്പെടുത്തിയത്. മൊഴികളിൽ ഇരകളുടെ കയ്യൊപ്പും മൂന്നംഗ കമ്മിറ്റി വാങ്ങിയില്ല. ഇമെയിലിൽ ലഭിച്ച മൊഴികൾ ഡിജിറ്റൽ തെളിവാണെങ്കിലും പേരു മറച്ചാണു റിപ്പോർട്ടിന്റെ ഭാഗമാക്കിയത്. എന്നാൽ, മൊഴികളിലൂടെ കണ്ടെത്തിയ കുറ്റകൃത്യങ്ങളുടെ ഗൗരവം റിപ്പോർട്ടിൽ സർക്കാരിനു കൈമാറിയിട്ടുണ്ട്. ജുഡീഷ്യൽ കമ്മിഷനായാണു ജസ്റ്റിസ് ഹേമയെ നിയമിച്ചിരുന്നതെങ്കിൽ ഈ നിയമപ്രശ്നം മറികടക്കാമായിരുന്നു. ഉപദേശകസ്വഭാവം മാത്രമുള്ളതും ജുഡീഷ്യൽ അധികാരങ്ങളില്ലാത്തതുമാണ് ഹേമ കമ്മിറ്റി.

മൊഴി നൽകിയവരുടെ പേരുകളും മറ്റു വിവരങ്ങളും കമ്മിറ്റി ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അടിസ്ഥാനരേഖകളുടെ ഭാഗമാണ്. ഇത്തരം രേഖകൾ സർക്കാരിനു കൈമാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കമ്മിറ്റി അംഗങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ മൊഴികൾ രേഖപ്പെടുത്തിയും സാക്ഷികളാക്കിയും മാത്രമേ പൊലീസിനോ പുതിയൊരു ജുഡീഷ്യൽ കമ്മിഷനോ കേസന്വേഷണം നടത്താൻ കഴിയൂ. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്ന ഹൈക്കോടതിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

സ്ഥാപകാംഗത്തിനെതിരെ സൈബർ ആക്രമണം; അപലപിച്ച് ഡബ്ല്യുസിസി

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കൂട്ടായ്മ ശക്തമായി അപലപിച്ചു. ഓരോ അംഗത്തിനും സ്വന്തം അനുഭവങ്ങളെക്കുറിച്ചു ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നും കഴിവും കഠിനാധ്വാനവും കൊണ്ടു സ്വന്തമായി ഇടമുണ്ടാക്കിയവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടതെന്നും ഡബ്ല്യുസിസി തുറന്നടിച്ചു. 

അതിജീവിതയ്ക്കൊപ്പം എന്നും ഉറച്ചുനിന്ന തങ്ങളുടെ ‘ഇപ്പോഴത്തെയും’ സ്ഥാപകാംഗത്തിനെതിരായ സൈബർ ആക്രമണം അപലപനീയമാണ്. ചില മാധ്യമങ്ങൾ ‘ഡബ്ല്യുസിസി മുൻ സ്ഥാപകാംഗത്തിന്റേത്’ എന്നു പറയുന്ന മൊഴികൾക്കു പിറകേപോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ റിപ്പോർട്ടുകൾ സൃഷ്ടിച്ചതായും ഡബ്ല്യുസിസി കുറ്റപ്പെടുത്തി.

English Summary:

Hema Committee report, no action is taken Even after finding the culprits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com