തിരുവിതാംകൂർ സഹകരണസംഘം തട്ടിപ്പ്: റജിസ്റ്റർ ചെയ്തത് 16 കേസുകൾ; പരാതിയുമായി ഒട്ടേറെപ്പേർ
Mail This Article
തിരുവനന്തപുരം ∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഒരാഴ്ചയ്ക്കകം പൊലീസ് റിപ്പോർട്ട് നൽകും. 15 കേസുകളാണ് ഫോർട്ട് പൊലീസ് റജിസ്റ്റർ ചെയ്തത്. തകരപ്പറമ്പിലെ ഹെഡ് ഓഫിസിനും മണക്കാട് ശാഖയ്ക്കും എതിരായ പരാതികളിലാണിത്.
കണ്ണമ്മൂല ശാഖയ്ക്ക് എതിരെ മെഡിക്കൽകോളജ് പൊലീസും ഒരു കേസ് റജിസ്റ്റർ ചെയ്തു. ഈ ശാഖയ്ക്ക് എതിരെ മാത്രം ഇരുപതോളം പേർ പരാതിയുമായി രംഗത്തുണ്ട്. ശാസ്തമംഗലം ശാഖയിൽ പണം നിക്ഷേപിച്ചവർ ഇന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകും. സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ആദ്യ പ്രതികളാക്കി മുൻ ഭരണസമിതിയിലെ 11 പേർക്ക് എതിരെയാണ് എല്ലാ കേസുകളും .
സാമ്പത്തിക നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്നു പലിശ സഹിതം ഈടാക്കാനാണു സഹകരണ വകുപ്പിന്റെ തീരുമാനം. 92 നിക്ഷേപകരാണ് പരാതിയുമായി രംഗത്തുള്ളത്. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. കാലാവധി കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ കിട്ടാതെ വന്നതോടെയാണ് ഇവർ പൊലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയത്. 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണക്ക്.
സൊസൈറ്റിക്കു 32 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് സഹകരണ വകുപ്പിന്റെ ഓഡിറ്റിൽ കണ്ടെത്തിയത്.