ADVERTISEMENT

ന്യൂയോർക്ക് ∙ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്തുന്ന ആദ്യ ബഹിരാകാശ നടത്ത (സ്പേസ് വോക്) ദൗത്യ സംഘത്തിൽ സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നയും. പൊളാരിസ് ഡോൺ എന്ന പേരിലുള്ള 5 ദിന ദൗത്യത്തിനായി അന്നയുൾപ്പെടെ 4 ബഹിരാകാശ യാത്രികരുമായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നു രാവിലെ കുതിച്ചുയരും.

രണ്ടാം തവണ ബഹിരാകാശ യാത്ര നടത്തുന്ന ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്മെന്റ്സ് സിഇഒയുമായ ജാറഡ് ഐസക്മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗിലിസ്, അന്ന മേനോൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് സംഘാംഗങ്ങൾ.

നാസയുടെ അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിൽ ഇവരുടെ പേടകം സഞ്ചരിക്കും. ഇത്തരമൊരു യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതകളാണ് അന്നയും ഗിലിസും. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാവും ഇവർ ബഹിരാകാശത്തു നടക്കുന്നത്.

ബഹിരാകാശ വാഹനങ്ങൾ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥത്തിലെത്തുക, മസ്കിന്റെ സ്റ്റാർ ലിങ്ക് കമ്പനിയുടെ ലേസർ ആശയവിനിമയ പദ്ധതിയുടെ പരീക്ഷണങ്ങൾ നടത്തുക, ബഹിരാകാശ യാത്രികർ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ.

സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനീയറായ അന്ന മേനോൻ, മുൻ ബഹിരാകാശ ദൗത്യങ്ങളിൽ മിഷൻ കൺട്രോളിൽ പ്രവർത്തിച്ചു. ടെക്സസിലെ ഹൂസ്റ്റൻ സ്വദേശിയാണ്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് ഡോ. അനിൽ മേനോൻ. സ്‌പേസ് എക്‌സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ ഫ്ലൈറ്റ് സർജൻ അനിലായിരുന്നു. യുഎസിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ.

English Summary:

First private spacewalk mission starts today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com