ADVERTISEMENT

തിരുവനന്തപുരം / കൊച്ചി∙ പരാതികളും മൊഴികളും   ഒൗദ്യോഗികമായി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം സജീവമായതോടെ സിനിമാ പീഡന വെളിപ്പെടുത്തലുകളിൽ നടന്മാർക്കെതിരായ കുരുക്കു മുറുകുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ മൊഴിയെടുത്ത പൊലീസ് നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതോടെ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന ശക്തമായി. 

നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവരടക്കം 7 പേർക്കെതിരായ പരാതിയിലും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. 8 വർഷം മുൻപ് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകളാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. സിദ്ദിഖ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. 3 മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിൽ നടൻ റിയാസ് ഖാനെതിരെയും നടി വെളിപ്പെടുത്തൽ നടത്തിയതായാണു വിവരം. 

മുകേഷ് അടക്കമുള്ളവർക്കെതിരായ വെളിപ്പെടുത്തലിൽ ഡിഐജി അജിത ബീഗം, എഐജി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘാംഗവും തൃശൂർ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറുമായ ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലും ഇന്നലെ 4 പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. 

മുകേഷിനെയും ബി.ഉണ്ണിക്കൃഷ്ണനെയും ഒഴിവാക്കിയേക്കും 

∙ സിനിമ നയരൂപീകരണ സമിതി പുനഃസംഘടിപ്പിക്കാൻ നീക്കം 

ആരോപണ വിധേയനായ എം.മുകേഷ് എംഎൽഎയെയും സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനെയും സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയേക്കും. സർക്കാർ ഉൾപ്പെടുത്തിയ 4 അംഗങ്ങൾ സമിതിയിൽ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ പുനഃസംഘടിപ്പിക്കാനാണു നീക്കം. സമിതി അംഗങ്ങളായിരുന്ന സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി, നടി മഞ്ജു വാരിയർ എന്നിവർ അസൗകര്യം ചൂണ്ടിക്കാട്ടി നേരത്തേ പിന്മാറിയിരുന്നു.

മുകേഷിനെതിരെ വിവിധ കോണുകളിൽ നിന്നു വിമർശനം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കുന്നത്. സിപിഎമ്മിൽ നിന്നും എൽഡിഎഫിൽ നിന്നും ഈ ആവശ്യം ഉയർന്നിട്ടുണ്ട്. ബി. ഉണ്ണിക്കൃഷ്ണനെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. സിനിമയിൽ തൊഴിൽ നിഷേധത്തിനും രഹസ്യവിലക്കിനും ശ്രമിച്ചെന്നാണു കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

ഫെഫ്കയിലും ഭിന്നത 

∙ജന.സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെതിരെ ആഷിഖ് അബു 


താരസംഘടനയായ അമ്മയ്ക്കു പിന്നാലെ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും അഭിപ്രായഭിന്നത. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്നലെ പത്രക്കുറിപ്പ് പുറത്തിറക്കിയ ജന.സെക്രട്ടറി സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി. 10 ദിവസത്തെ മൗനത്തിനു ശേഷമുള്ള ഫെഫ്കയുടെ പ്രതികരണം കാപട്യവും നിറഞ്ഞതും ആത്മാർഥത ഇല്ലാത്തതുമാണെന്ന് ആഷിഖ് കുറ്റപ്പെടുത്തി. 

കുറ്റാരോപിതരായ അംഗങ്ങളെക്കുറിച്ചു പൊലീസ് അന്വേഷണത്തിലോ കോടതി നടപടികളിലോ വ്യക്തമായ പരാമർശങ്ങളോ കണ്ടെത്തലുകളോ നടപടികളോ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ഫെഫ്ക പത്രക്കുറിപ്പിലുള്ളത്. ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജി വച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 

English Summary:

Cinema Abuse Crisis: Will Complaints Lead to Arrests in the Indian Film Industry?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com