ബിജെപിക്കു 719.86 കോടി രൂപ സംഭാവന; സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്വകാര്യ സ്ഥാപനം കിറ്റെക്സ്
Mail This Article
ന്യൂഡൽഹി ∙ 2022–23 സാമ്പത്തികവർഷം തിരഞ്ഞെടുപ്പു കമ്മിഷനിൽ വെളിപ്പെടുത്തിയ ഉറവിടങ്ങളിൽനിന്ന് ബിജെപിക്കു സംഭാവനയായി ലഭിച്ചത് 719.86 കോടി രൂപ. കോൺഗ്രസിനു 79.92 കോടി രൂപ. ഇൗ കാലയളവിൽ സിപിഎമ്മിനു കിട്ടിയത് 6.02 കോടി രൂപയാണ്. സിപിഎമ്മിനു സംഭാവന നൽകിയ സ്വകാര്യ സ്ഥാപനങ്ങളിൽ മുന്നിൽ കിറ്റെക്സ് ആണ് – 30 ലക്ഷം രൂപ. 29 ലക്ഷം രൂപ നൽകിയ മുത്തൂറ്റ് ഫിനാൻസ് തൊട്ടടുത്തുണ്ട്. 12 ലക്ഷം രൂപ നൽകിയ ബയളോജിക്കൽ ഇ ലിമിറ്റഡ് ആണു മൂന്നാമതുള്ളത്.
സംഭാവന നൽകിയ പാർട്ടി നേതാക്കളിൽ മുന്നിലുള്ളതു കേരളത്തിൽ നിന്നുള്ളവരാണ്. ജോൺ ബ്രിട്ടാസ്, വി.ശിവദാസൻ, എളമരം കരീം എന്നിവർ 13.20 ലക്ഷം രൂപ വീതമാണു നൽകിയത്. പാർട്ടിക്കു നൽകേണ്ട ലെവി അടക്കമുള്ള തുകയാകാമിത്. സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റി 56.80 ലക്ഷം രൂപയും ഊരാളുങ്കൽ സഹകരണ സംഘം 7 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. വയനാട്ടിൽനിന്നു ലോക്സഭയിലേക്കു മത്സരിച്ച ആനി രാജയ്ക്കു പ്രചാരണ ചെലവിലേക്കായി നൽകിയതു 10 ലക്ഷം രൂപയാണെന്നു സിപിഐ നൽകിയ കണക്കിലുണ്ട്. മുസ്‌ലിം ലീഗിനു 2.84 കോടി രൂപയും കേരള കോൺഗ്രസ് എമ്മിനു 13.71 ലക്ഷം രൂപയും സംഭാവന ലഭിച്ചു.