മുകേഷിന്റെ കാര്യം ഇന്നറിയാം; രാജി ആവശ്യപ്പെട്ട് ആനി രാജയ്ക്കു പിന്നാലെ വൃന്ദ കാരാട്ടും രംഗത്ത്
Mail This Article
തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ എം.മുകേഷ് എംഎൽഎയുടെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമായി. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് തന്നെ സ്വരം കടുപ്പിച്ചതോടെ, ഇന്നു ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നിർണായകം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്.
മുകേഷിന്റെ അഭിപ്രായവും തേടും. അദ്ദേഹത്തെ കൈവിട്ടേക്കാമെന്ന സൂചനകളാണു ശക്തം. രാജിയാണ് ഉചിതമെന്ന് സിപിഎം നേതൃത്വത്തെ സിപിഐ അറിയിച്ചുകഴിഞ്ഞു. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിനായി സിപിഎം പ്രതിരോധം തീർക്കേണ്ടെന്ന സൂചനയാണു വൃന്ദ കാരാട്ട് നൽകിയത്.
‘നിങ്ങൾ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങളും അങ്ങനെ ചെയ്യുന്നുവെന്ന രീതി പാടില്ല; സ്ത്രീസുരക്ഷാ നടപടികളിലേക്കു സർക്കാർ കടക്കണം’ – സിപിഎം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വൃന്ദ ചൂണ്ടിക്കാട്ടി. മുകേഷ് വിഷയത്തിൽ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നു പറഞ്ഞ് മറ്റൊരു പിബി അംഗം പ്രകാശ് കാരാട്ട് ഒഴിഞ്ഞുമാറിയപ്പോഴാണു വൃന്ദ ഉറച്ച നിലപാടു വ്യക്തമാക്കിയത്. മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തേ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ആനി രാജ ഉറച്ച നിലപാടെടുത്തിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്നു വാദിച്ചു പ്രതികരിക്കാതിരിക്കുകവഴി മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ മുകേഷിനു നൽകുന്ന നിശ്ശബ്ദ പിന്തുണയ്ക്കെതിരെ കൂടിയാണു വനിതാ നേതാക്കൾ ശബ്ദമുയർത്തിയത്. തെറ്റുകാരൻ എംഎൽഎ അല്ല മന്ത്രിയായാലും ശിക്ഷിക്കപ്പെടണമെന്നു സിപിഐ മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കി. ലൈംഗിക ആരോപണങ്ങളുടെ പേരിൽ എംഎൽഎ സ്ഥാനത്തുനിന്നു രാജിവച്ച കീഴ്‌വഴക്കമില്ലെന്ന സിപിഎമ്മിന്റെ വാദമാണു ഫലത്തിൽ ദുർബലമാകുന്നത്.
രാജി തന്നെ, പക്ഷേ ആനി പറയേണ്ടെന്ന് സിപിഐ
മുകേഷ് രാജിവയ്ക്കുകയാണ് ഉചിതമെന്നു സിപിഎമ്മിനെ അറിയിച്ചെങ്കിലും അതു പരസ്യമായി പറയാൻ സിപിഐക്കു മടി. മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള ആനി രാജയുടെ പ്രസ്താവനയോടുള്ള വിയോജിപ്പ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. കേരളത്തിലെ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറിയായ താനാണു നിലപാട് പറയേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.