ADVERTISEMENT

ആദ്യമായാണ് കോഴിക്കോട് ജില്ലയിൽനിന്നൊരു സിപിഎം നേതാവ് ഇടതുമുന്നണി കൺവീനറാകുന്നത്. എന്നാൽ, താക്കോൽസ്ഥാനത്തെത്തിയതിന്റെ മട്ടും ഭാവവുമൊന്നും ഇല്ലാതെയാണ് ടി.പി.രാമകൃഷ്ണന്റെ ഇടപെടലുകൾ. 

നാട്ടിൽ മരണവീട്ടിലും മറ്റും സന്ദർശനം നടത്തി ഇന്നലെയും പതിവുപോലെ നീങ്ങിയ അദ്ദേഹം ഇന്ന് എറണാകുളത്തേക്ക്. പാർട്ടി നേരത്തേ നിശ്ചയിച്ച പരിപാടിയാണത്. 4നു തിരുവനന്തപുരത്തെത്തും. പുതിയ ചുമതലയെക്കുറിച്ചും മറ്റും അദ്ദേഹം ‘മലയാള മനോരമ’യോട്...

Q ഇടതുമുന്നണി കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച്

A പാർട്ടി അംഗമായശേഷം വിവിധതലങ്ങളിൽ എനിക്കു പാർട്ടി ചുമതലകൾ നൽകിയിട്ടുണ്ട്. പാർട്ടി തീരുമാനത്തിനനുസരിച്ച്, എന്റെ കഴിവിനനുസരിച്ച് ഞാൻ പ്രവർത്തിച്ചു. പരാതിക്കിട നൽകാതെ ചുമതലകൾ നിറവേറ്റി. 

അതിനനുസരിച്ച് എല്ലാ ഘട്ടത്തിലും പാർട്ടി എനിക്കു പരിഗണന നൽകിയിട്ടുമുണ്ട്. പുതിയ ചുമതലയും ഭംഗിയായി നിറവേറ്റും. എന്നിൽ അർപ്പിച്ച വിശ്വാസത്തിനു ചേർന്ന നിലപാടു സ്വീകരിക്കും. എൽഡിഎഫിലെ എല്ലാ പാർട്ടികളെയും യോജിപ്പിച്ച് അണിനിരത്തും. എല്ലാ പാർട്ടി നേതാക്കളുമായും സംസാരിച്ചും ചർച്ച നടത്തിയും കേരളത്തിലെ മുന്നണിസംവിധാനം ശക്തിപ്പെടുത്തും. മുന്നണി നിലപാടിനൊപ്പം ജനങ്ങളെയും അണിനിരത്തുകയായിരിക്കും എന്റെ പ്രധാന ഉത്തരവാദിത്തം. 

Q ബിജെപി ബന്ധ ആരോപണത്തെത്തുടർന്നു സ്ഥാനമൊഴിയേണ്ടിവന്ന കൺവീനറുടെ സ്ഥാനത്താണ് താങ്കൾ ചുമതലയേറ്റെടുക്കുന്നത്. ഏറെ വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തെ എങ്ങനെ കാണുന്നു

A ഗൗരവമാർന്ന രാഷ്ട്രീയ സാഹചര്യമെല്ലാം കണക്കിലെടുക്കുന്നതു പാർട്ടിയാണ്. അതു സംബന്ധിച്ച വിശദീകരണങ്ങൾ പാർട്ടിയും പാർട്ടി സെക്രട്ടറിയും നൽകും. 

Q പുതിയ പാർട്ടികളെ ഇടതുമുന്നണിയുടെ ഭാഗമാക്കുമോ

A അത്തരം കാര്യങ്ങളിൽ മറ്റു പാർട്ടികളുമായി ചർച്ച ചെയ്തശേഷമേ തീരുമാനം എടുക്കൂ. 

Q വരാനിരിക്കുന്നത് തിരഞ്ഞെടുപ്പുകളുടെ കാലമാണ്. ഉത്തരവാദിത്തത്തെ എങ്ങനെ കാണുന്നു.

A ഫലപ്രദമായി പ്രവർത്തിക്കുന്ന സർക്കാരും മുഖ്യമന്ത്രിയും ഇവിടെയുണ്ട്. ഇതു രണ്ടും ഒത്തുചേർന്നാൽ ഏതു തിരഞ്ഞെടുപ്പിനെയും നേരിടാൻ ബുദ്ധിമുട്ടുണ്ടാവില്ല.

Q കേരളത്തിൽ വീണ്ടും ഭരണത്തുടർച്ചയ്ക്കു പുതിയ കൺവീനർക്കു നേതൃത്വം നൽകാനാകുമോ?

A ഭരണത്തുടർച്ചയുണ്ടാകുമെന്നതിൽ സംശയമില്ല. ഞങ്ങൾ ജനങ്ങളിലേക്കിറങ്ങും. വിമർശനങ്ങൾ സ്വീകരിക്കും. അതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും.

English Summary:

Will protect the trust of the party says TP Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com