ADVERTISEMENT

കോഴിക്കോട് ∙ നിലപാടുകളിലെ തെളിമയാണ് ടി.പി.രാമക‍ൃഷ്ണന്റെ മുഖമുദ്ര. കയർത്തൊഴിലാളിയായും സെയിൽസ്മാനായുമൊക്കെ ജോലി ചെയ്തു. ഇതിനിടെ സമരമുഖങ്ങളിൽ പടപൊരുതി കടന്നുവന്ന സാധാരണ മനുഷ്യനാണ് ഇടതുമുന്നണിയുടെ തലപ്പത്തെത്തുന്നത്. 

കൊയിലാണ്ടിക്കടുത്ത് കീഴരിയൂരിലെ നമ്പ്രത്ത് സ്വദേശിയായ ടി.പി.രാമകൃഷ്ണൻ പേരാമ്പ്രയ്ക്കടുത്തു നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരിലാണ് താമസം. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന താഴത്തെ പറമ്പിൽ ശങ്കരന്റെയും മാണിക്കത്തിന്റെയും മകനായ ടി.പി വിദ്യാർഥി ഫെഡറേഷനിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയുമാണ് പാർട്ടിയിലേക്കെത്തിയത്. 1968 ൽ സിപിഎം നമ്പ്രത്ത് ബ്രാഞ്ച് അംഗമായി. തുടർന്നു കീഴരിയൂർ ലോക്കൽ കമ്മിറ്റി അംഗവും. 

കെഎസ്ആർടിസി സ്റ്റാൻഡിൽ ദേശാഭിമാനി ബുക്സ്റ്റാൾ തുറന്നപ്പോൾ ആദ്യ സെയിൽസ്മാനായിരുന്നു ടി.പി. 1969 ഡിസംബറിൽ അച്യുതമേനോൻ സർക്കാരിനെതിരെ നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ സിആർപിഎഫിന്റെ മർദനമേറ്റ് ആശുപത്രിയിലായതോടെ ആ ജോലി നിർത്തി. പിന്നീടാണ് മുഴുവൻസമയ പ്രവർത്തകനായത്. 

അടിയന്തരാവസ്ഥക്കാലത്തു പേരാമ്പ്രയിൽ അറസ്‌റ്റ് ചെയ്യപ്പെട്ട ടി.പിക്കു കക്കയത്തെ ക്യാംപിൽ ക്രൂരമായ മർദനമേറ്റു. കീഴരിയൂർ മിച്ചഭൂമി സമരത്തിന്റെ നായകനായിരുന്ന ടി.പി, മുതുകാട്, ചക്കിട്ടപ്പാറ തോട്ടം തൊഴിലാളി സമരങ്ങളിലെ ഇടപെടലിലൂടെ തൊഴിലാളികളുടെ പ്രിയങ്കരനായി.

പേരാമ്പ്രയെ പ്രതിനിധീകരിച്ച് 3 തവണ നിയമസഭയിലെത്തിയ അദ്ദേഹം, ആദ്യ പിണറായി മന്ത്രിസഭയിൽ തൊഴിൽ–എക്സൈസ് മന്ത്രിയായിരുന്നു. 

വി.വി.ദക്ഷിണാമൂർത്തി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെത്തുടർന്ന്, 2005 ജൂലൈയിൽ ടി.പി.രാമകൃഷ്ണൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. 10 വർഷം ആ ചുമതല വഹിച്ചു. കോഴിക്കോട്ട് 20–ാം പാർട്ടി കോൺഗ്രസിന്റെ സംഘാടനമികവിൽ തിളങ്ങിനിന്നത് അന്നത്തെ ജില്ലാ സെക്രട്ടറിയാണ്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ അദ്ദേഹം 2023 ഡിസംബർ ഒന്നിനു സിഐടിയു സംസ്ഥാന പ്രസിഡന്റും കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ വൈസ് പ്രസിഡന്റുമായി. സിഐടിയുവിന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. കെഎസ്ആർടിഇഎ സംസ്ഥാന പ്രസിഡന്റുമായിരുന്നു. 

ടി.പി.ചന്ദ്രശേഖരൻ വധത്തിൽ ജില്ലയിലെ പാർട്ടി ആടിയുലഞ്ഞ ഘട്ടത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അമരത്തു ടി.പി തന്നെയായിരുന്നു. വിഎസിന്റെ നിലപാടുകളോടാണ് ടി.പിക്കു ചായ്‌വെന്ന ആരോപണം അന്നു നേരിടേണ്ടിവന്നെങ്കിലും കാഴ്ചപ്പാടുകളിൽനിന്നു വ്യതിചലിച്ചില്ല. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ.നളിനിയാണ് ഭാര്യ. മക്കൾ: രജുലാൽ, രഞ്ജിനി.

English Summary:

Writeup about TP Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com