ADVERTISEMENT

രാജകുമാരി ∙ ഈ വർഷം ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നഷ്ടമായത് 3 ജീവനുകൾ; 2 കാട്ടാനകളും ഒരു മനുഷ്യനും. മുറിവാലൻ കൊമ്പനു പുറമേ കഴിഞ്ഞ ജൂണിൽ ഒരു കുട്ടിക്കൊമ്പനെയും ചക്കക്കൊമ്പൻ എന്ന കാട്ടാന വകവരുത്തിയിരുന്നു. കഴിഞ്ഞ ജനുവരി 22നു ബിഎൽ റാം സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജനെ (68) ആക്രമിച്ചു പരുക്കേൽപിച്ചു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 26നു സൗന്ദർരാജൻ മരിച്ചു. ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ മുറിവാലൻ കൊമ്പൻ കഴിഞ്ഞ ദിവസം ചരിഞ്ഞിരുന്നു.

മരണകാരണം കരളിനേറ്റ ക്ഷതം

നാടുകടത്തപ്പെട്ട അരിക്കൊമ്പനു പുറമേ മുറിവാലനും ചരിഞ്ഞതോടെ പ്രദേശത്ത് ഇനി ഒറ്റയാൻ ചക്കക്കൊമ്പൻ മാത്രം. മുറിവാലൻ കൊമ്പനും ചരിഞ്ഞതോടെ പൂർണ ആധിപത്യം ലഭിച്ച ചക്കക്കൊമ്പൻ കൂടുതൽ അപകടകാരിയാകാനിടയില്ലെന്നു വിദഗ്ധർ പറയുന്നു. 

ചക്കക്കൊമ്പന്റെ നീണ്ട കൊമ്പുകൾ ആഴ്ന്നിറങ്ങിയാണു മുറിവാലന്റെ ആന്തരികാവയവങ്ങൾക്കുൾപ്പെടെ പരുക്കേറ്റത്. കരളിനേറ്റ ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിട്ടുണ്ട്.

മുറിവാലന്റെ ശരീരത്തിൽ 20 പെല്ലറ്റുകൾ

മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്നു പോസ്റ്റ്മോർട്ടത്തിനിടെ 20 പെല്ലറ്റുകൾ കണ്ടെത്തി. ഇതിൽ 19 പെല്ലറ്റുകളും ട്വൽവ് ബോർ തോക്കുകളിൽ ഉപയോഗിക്കുന്നവയാണെണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവികളെ തുരത്താനായി വനംവകുപ്പ് ഉപയോഗിക്കുന്ന തോക്കുകൾ ആണ് ട്വൽവ് ബോർ ആക്‌ഷൻ തോക്കുകൾ. ദേവികുളം റേഞ്ചിൽ 4 ട്വൽവ് ബോർ തോക്കുകളുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചിട്ടില്ല. മുറിവാലന്റെ ശരീരത്തിൽ ഉള്ള പെല്ലറ്റുകൾ എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവച്ചതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപി‌ക്കുന്ന തരത്തിലുള്ളവയല്ല.

മുറിവാലൻ കൊമ്പന്റെ ജഡം മറവുചെയ്തു

ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്നു ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മറവുചെയ്തു. ചിന്നക്കനാൽ അറുപതേക്കറിനു സമീപമുളള ചോലയിലാണു ജഡം മറവു ചെയ്തത്. 45 വയസ്സുള്ള മുറിവാലൻ കൊമ്പനായിരുന്നു ഇതുവരെ ചിന്നക്കനാൽ മേഖലയിലെ ഏറ്റവും പ്രായം കൂടിയ കാട്ടാന. മുറിവാലൻ കൊമ്പന്റെ ജഡം സംസ്കരിക്കുന്നതിനു മുൻപ് തദ്ദേശീയരായ മുതുവാൻ വിഭാഗത്തിൽ പെട്ടവർ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി.

English Summary:

ChakkaKomban killed one man and two elephants this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com