ADVERTISEMENT

തൊടുപുഴ ∙ വൈദ്യുതി കണക്‌ഷൻ ശരിയാക്കി നൽകാതെ സംരംഭകയോട് ഉദ്യോഗസ്ഥരുടെ ക്രൂരത. ഒരു കോടി രൂപ മുതൽമുടക്കി തുടങ്ങിയ പാലുൽപന്ന നിർമാണ യൂണിറ്റ് പ്രതിസന്ധിയിലായതോടെ സംരംഭക കുഴഞ്ഞുവീണു. വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയംഗത്തോടു പരാതിപ്പെട്ടതിന് ഉദ്യോഗസ്ഥരുടെ പ്രതികാരമാണെന്നും ആരോപണമുണ്ട്. സ്ഥാപനയുടമ ആശുപത്രിയിലായ വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ ഓടിയെത്തി കണക്‌ഷൻ നൽകി.

  • Also Read

തൊടുപുഴ മണക്കാട്ട് പാൽ ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റ് ആരംഭിച്ച പാലാ സ്വദേശി ജിന്ന മേരി മൈക്കിളിനാണു (27) ദുരനുഭവം. പാലുൽപന്ന നിർമാണ യൂണിറ്റിലെ വൈദ്യുതി മീറ്റർ രണ്ടാഴ്ച മുൻപു കത്തിപ്പോയി. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇവർ വയറിങ് ശരിയാക്കുകയും പുതിയ സിടി മീറ്റർ വയ്ക്കുകയും ചെയ്തെങ്കിലും കണക്‌ഷൻ പുനഃസ്ഥാപിച്ചില്ല. തുടർന്നു ജനറേറ്റർ ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിപ്പിച്ചത്. ഇതോടെ ഇവർ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയംഗത്തിനു പരാതി നൽകി.

‘നിങ്ങൾ എന്തിനാണു തിരുവനന്തപുരത്തുനിന്ന് വിളിപ്പിച്ചത്’ എന്ന ചോദ്യമായി ഉദ്യോഗസ്ഥരിൽ നിന്നു പിന്നീട്. ഇതിനിടെ ഫീസായി 97,000 രൂപയും അടപ്പിച്ചു. പിന്നീടും പല കാരണങ്ങൾ പറഞ്ഞ്‌ കണക്‌ഷൻ കൊടുത്തില്ല. ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച കണക്‌ഷൻ നൽകുമെന്ന് ഉന്നതോദ്യോഗസ്ഥർ ഉറപ്പു കൊടുത്തെങ്കിലും വൈകുന്നേരമായിട്ടും ഒന്നും സംഭവിച്ചില്ല. തുടർന്നാണു മനോവിഷമം മൂലം ജിന്ന മേരി തളർന്നുവീണത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങിയ ജിന്ന മേരിക്ക് ഇന്നലെയും അസ്വസ്ഥത ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വിവരമറിഞ്ഞതോടെ രണ്ടാഴ്ചയ്ക്കു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു.

 ∙ നാട്ടിൽത്തന്നെ ഒരു സംരംഭം തുടങ്ങാനാണ് ഒരു കോടിയോളം രൂപ ബാങ്ക് വായ്പയെടുത്ത് ‘ലൈഫ് മി‌ൽക്’ എന്ന സ്ഥാപനം ആരംഭിച്ചത്. 8 ജീവനക്കാരുമുണ്ട്. നല്ല നിലയിൽ സംരംഭം മുന്നോട്ടുപോകുന്നതിനിടെയാണ് രണ്ടാഴ്ച മുൻപു മീറ്റർ കത്തിയതും അതിന്റെ പേരിൽ വട്ടംചുറ്റിച്ചതും. - ജോജോ മാത്യു, സംരംഭകയുടെ പിതാവ്

 ∙ അധിക ലോഡ് വൈദ്യുതി ഉപയോഗം വന്നതിനെത്തുടർന്നാണു മിൽക് യൂണിറ്റിന്റെ മീറ്റർ കത്തിപ്പോയത്. വയറിങ്ങും മീറ്ററും ശരിയാക്കിയ ശേഷം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പുതിയ കണക് ഷൻ നൽകാനുള്ള ചാർജ് അടച്ചതിന്റെ പിറ്റേന്നു തന്നെ കണക്‌ഷൻ പുനഃസ്ഥാപിച്ചു നൽകി. - ഡി.രശ്മി, കെഎസ്ഇബി തൊടുപുഴ സെക്‌ഷൻ 1 അസി. എൻജിനീയർ

English Summary:

KSEB officials not fixing electricity connection of entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com