ADVERTISEMENT

തിരുവനന്തപുരം ∙ പണത്തോടുള്ള ആസക്തി പാർട്ടി അംഗങ്ങളിൽ വല്ലാതെ വളരുന്നതായി സിപിഎം. അതിന്റെ ഭാഗമായി അഴിമതിയും ക്രിമിനൽ പ്രവണതകളും വർധിക്കുന്നു. കേരളത്തിലെ പാർട്ടിയെ ഈ തെറ്റായ പ്രവണതകളിൽനിന്നു മോചിപ്പിക്കാനുള്ള ആഹ്വാനം ഇപ്പോൾ ആരംഭിച്ച പാർട്ടി സമ്മേളനങ്ങളിൽ നേതൃത്വം നൽകണമെന്നു സംസ്ഥാന കമ്മിറ്റി നിഷ്കർഷിച്ചു. സർക്കാരിന്റെയും പാർട്ടിയുടെയും ഉന്നതതലത്തിൽ വഴിവിട്ട പലതും നടക്കുന്നുണ്ടെന്ന ആരോപണം ശക്തി പ്രാപിക്കുമ്പോഴാണ് പാർട്ടി സമ്മേളനങ്ങൾ തിരുത്തലിനു വേദിയാക്കാനുള്ള നേതൃത്വത്തിന്റെ പരിശ്രമം.

ഭരണത്തിലുള്ള സ്വാധീനമാണു തെറ്റായ പ്രവണതകൾക്കു വഴിയൊരുക്കുന്നതെന്നു സമ്മേളനങ്ങൾക്കായി സംസ്ഥാന കമ്മിറ്റി തയാറാക്കിയ രേഖയിൽ ചൂണ്ടിക്കാട്ടി.

 ‘വ്യക്തി ജീവിതചര്യകളിൽ കമ്യൂണിസ്റ്റുകാർ പുലർത്തേണ്ട ലാളിത്യവും സത്യസന്ധതയും ഉയർത്തിപ്പിടിക്കാനാകണം. മാതൃകാപരമായ പൊതു പ്രവർത്തനത്തിനു വിഘാതമായ ഒന്നും തന്നെ പാ‍ർട്ടി അംഗങ്ങളിൽനിന്ന് ഉണ്ടാകരുത്. പാർട്ടിയെ പ്രതിനിധീകരിക്കാൻ തക്ക സ്വഭാവ ഗുണവും പൊതു അംഗീകാരവും ഉള്ളവരായി അംഗങ്ങൾ മാറണം’.

തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ മേഖലയിലും നടക്കാൻ പാടില്ലാത്ത പലതും നടക്കുന്ന കാര്യം നേതൃത്വം ഓർമിപ്പിച്ചു. പാർട്ടി സബ് കമ്മിറ്റികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. പാർട്ടിക്കും സർക്കാരിനും എതിരെ നടക്കുന്ന സംഭവങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ അതി വൈകാരികതയോടെയും അച്ചടക്കം ലംഘിച്ചും പ്രതികരിച്ചാൽ പാർട്ടി നടപടി ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്.

ജനങ്ങൾക്കിടയിലെ സ്വാധീനത്തിനു കുറവുണ്ടായെന്ന് ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതായാണു സിപിഎം വിലയിരുത്തൽ. ഇതു തിരിച്ചുപിടിക്കാൻ അവർക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നതിനൊപ്പം പാർട്ടിയുടെ പ്രതിഛായയും വീണ്ടെടുക്കണമെന്ന ആഹ്വാനമാണു നേതൃത്വം നൽകുന്നത്. കമ്യൂണിസ്റ്റ് മൂല്യങ്ങൾ പാലിച്ചു ജീവിക്കുകയും ഇടപെടുകയും വേണം.

‘പുതിയ മുന്നേറ്റത്തിനു നേതൃത്വം കൊടുക്കാൻ കഴിയണം. അതിന് ഉതകുന്ന തരത്തിൽ വിമർശന, സ്വയം വിമർശനമെന്ന സംഘടനാരീതി അവലംബിക്കണം’. ശുദ്ധീകരണത്തിനു ശ്രമിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

English Summary:

Conferences should be platform for correction: CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com