ADVERTISEMENT

കൊല്ലം∙ ഓയൂർ ഓട്ടുമലയിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിൽ വാദം ഇന്ന്. ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസാണ് അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ അപേക്ഷ സമർപ്പിച്ചത്. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തിൽ കുട്ടിയുടെ പിതാവ് വാർത്താചാനലിന് അഭിമുഖം നൽകിയ പശ്ചാത്തലത്തിലാണിത്. തട്ടിക്കൊണ്ടു പോയ കാറിൽ നാലുപേരെ കണ്ടെന്നു കുട്ടിയുടെ സഹോദരൻ മൊഴി നൽകിയതായും പിതാവ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു പിതാവിന്റെ മൊഴിയെടുക്കും.

കേസിന്റെ വിചാരണഘട്ടമാകുന്നതിനാൽ അന്വേഷണം പൂർണമല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രതിഭാഗത്തിനു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. അതൊഴിവാക്കാൻ കൂടിയാണ് തുടരന്വേഷണത്തിന് അപേക്ഷ നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മോഹൻരാജ് ഹാജരായി. 

തട്ടിക്കൊണ്ടുപോകൽ കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (53), ഭാര്യ എം.ആർ.അനിതാകുമാരി (46), മകൾ പി.അനുപമ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം മറ്റൊരു പുരുഷൻ കൂടി കാറിൽ ഉണ്ടായിരുന്നുവെന്നാണു കുട്ടിയുടെ സഹോദരൻ പൊലീസിനു നൽകിയ പ്രാഥമിക മൊഴി. മൂന്നുപേർ മാത്രമായിരുന്നു കാറിലെന്നാണു കുട്ടിയുടെ മൊഴി. എന്നാൽ, ആറരക്കോടി രൂപയുടെ ആസ്തിയുള്ള കുടുംബം ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് 10 ലക്ഷം രൂപയ്ക്കു വേണ്ടി മാത്രമാണോയെന്ന സംശയം സമൂഹത്തിനുണ്ട്. 

അന്വേഷണത്തിൽ പൂർണതൃപ്തി: കുട്ടിയുടെ പിതാവ്

അന്വേഷണം ത‍ൃപ്തികരമാണെന്നും ഒരു പോറലുമേൽക്കാതെ കുഞ്ഞിനെ കിട്ടുകയെന്നതു മാത്രമായിരുന്നു തങ്ങളുടെ പ്രാർഥനയെന്നും കുട്ടിയുടെ പിതാവ് മനോരമയോടു പറഞ്ഞു. തന്റെ മകൾക്കുണ്ടായ ദുരനുഭവം മറ്റൊരു കുട്ടിക്ക് ഉണ്ടാകരുതേ എന്നാണു പ്രാർഥന. കുറ്റത്തിന് അനുസൃതമായ ശിക്ഷ പ്രതികൾക്കു ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.

English Summary:

Further investigation in child abduction: Arguement today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com