വൃക്കരോഗികൾക്ക് സൗജന്യ മരുന്ന്: പദ്ധതി മുടങ്ങുന്നു
Mail This Article
കോഴിക്കോട് ∙ വൃക്ക രോഗികൾക്കു വീട്ടിൽ തന്നെ നടത്താവുന്ന പെരിറ്റോണിയൽ ഡയാലിസിസിനുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും സൗജന്യ വിതരണം നിലയ്ക്കുന്നു. മരുന്നു കമ്പനിക്കുള്ള കുടിശിക 7 കോടി ആയതോടെയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴിയുള്ള വിതരണം മുടങ്ങുന്നത്.
റജിസ്റ്റർ ചെയ്ത 543 രോഗികളാണ് ഉള്ളത്. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള ഗ്രാന്റാണ് സൗജന്യ വിതരണത്തിനായി ഉപയോഗിച്ചിരുന്നത്. മാർച്ച് 31നു കുടിശിക 7 കോടിക്കു മുകളിലെത്തിയപ്പോൾ സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് 2.40 കോടി രൂപ മുൻകൂർ ആയി നൽകി പരിഹാരം കണ്ടിരുന്നു.
ഏപ്രിൽ– മേയ് മാസത്തിൽ ഈ തുക ഉപയോഗിച്ചാണ് മരുന്നുകൾ എത്തിച്ചത്. ശേഷിക്കുന്നവ ഉപയോഗിച്ചാണ് നിലവിലെ വിതരണം. കെഎംഎസ്‌സിഎലിലെ കാരുണ്യ ഫിനാൻസ് വിഭാഗത്തിൽ ബില്ലുകൾ മാറാനുള്ള ഫയൽ വൈകിപ്പിക്കുന്നതും പ്രശ്നമാകുന്നു.
പെരിറ്റോണിയൽ ഡയാലിസിസ്
ഹീമോ ഡയാലിസിസിൽ യന്ത്രത്തിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുമ്പോൾ പെരിറ്റോണിയൽ ഡയാലിസിസിൽ രോഗിയുടെ ഉദരത്തിൽ സുഷിരമുണ്ടാക്കി കത്തീറ്റർ പ്രവേശിപ്പിച്ച് അതിലൂടെ ഡയാലിസിസ് ദ്രാവകം ഉദരത്തിൽ നിറയ്ക്കുകയാണ് ചെയ്യുന്നത്.
ഒരിക്കൽ കത്തീറ്റർ ഇട്ടു കഴിഞ്ഞാൽ പിന്നീട് വീട്ടിൽ വച്ച് രോഗിക്കു തന്നെ ദ്രാവകം നിറയ്ക്കാം. വൃക്കയിലെ മാലിന്യങ്ങൾ ഈ ദ്രാവകം വലിച്ചെടുക്കുകയും അത് പിന്നീട് പുറത്തേക്ക് ഒഴുക്കുകയും ചെയ്യും. മരുന്നും അനുബന്ധ ബാഗും ഉപകരണങ്ങളും ചേർന്ന് ഒരു തവണ ഡയാലിസിസ് ചെയ്യാൻ 1000 രൂപ ചെലവു വരും. ഇങ്ങനെ ദിവസം 5 തവണ വരെ ഡയാലിസിസ് ചെയ്യുന്ന രോഗികളുണ്ട്.