11 വർഷം മുൻപ് ബൈക്ക് കത്തിച്ച കേസ്: സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ
Mail This Article
ഏനാദിമംഗലം (പത്തനംതിട്ട) ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ സുഹൃത്തിന്റെ ബൈക്ക് 11 വർഷം മുൻപ് രാഷ്ട്രീയ വൈരാഗ്യം മൂലം കത്തിച്ച കേസിൽ സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ. സിപിഎം ഇളമണ്ണൂർ ലോക്കൽ കമ്മിറ്റി അംഗവും ഏനാദിമംഗലം പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ മാരൂർ പ്ലാവിള വടക്കേതിൽ ശങ്കർ രാജ് (31) ആണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വാറന്റ് നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഇതേ കേസിൽ ഏനാദിമംഗലം ഒഴുകുപാറ കൈലാസം ജിതിനെയും (31) അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു.
2013 ഡിസംബർ 3ന് നടന്ന കേസിൽ റിമാൻഡിലായ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനു ശേഷം കോടതി വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരായില്ല. തുടർന്ന് ഇന്നലെ ഏനാത്ത് പൊലീസ് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പുതുവൽ മേലേവീട്ടിൽ ബാബുവിന്റെ കാർപോർച്ചിലിരുന്ന ബൈക്ക് കത്തിച്ച കേസിലാണ് ഇവർ മുൻപ് അറസ്റ്റിലായത്. ജിജോയുടെ സുഹൃത്തായിരുന്നു പരാതിക്കാരനായ ബാബു. രാഷ്ട്രീയ വൈരാഗ്യമായിരുന്നു പിന്നിൽ. ശങ്കർ അന്ന് ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നു.