ADVERTISEMENT

തിരുവനന്തപുരം ∙ ആർഎസ്എസ് വിരുദ്ധ പോരാട്ടത്തിൽ ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് ഇന്നലെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സ്വീകരിക്കുന്ന നിലപാട് മുന്നണിക്കും സർക്കാരിനും നിർണായകമാകും. ‘ആർഎസ്എസ് ഉന്നതരെ ഊഴംവച്ചു കാണുന്നയാൾ’ എന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശേഷിപ്പിച്ച എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കണമെന്ന ആവശ്യമാകും ഇന്നത്തെ എൽഡിഎഫ്, മന്ത്രിസഭാ യോഗങ്ങളിലെ പ്രധാന ചർച്ച.

രാവിലെ പത്തിനാണ് മന്ത്രിസഭാ യോഗം; ഇടതുമുന്നണി നേതൃയോഗം മൂന്നരയ്ക്കും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി, ആർഎസ്എസ് ഉന്നതരെ കണ്ടതുമായി ബന്ധപ്പെട്ട വൻ രാഷ്ട്രീയവിവാദം എൽഡിഎഫ് യോഗത്തിൽ ഉയരാനാണ് എല്ലാ സാധ്യതയും. അജിത്തിനെ പ്രധാന ചുമതലയിൽനിന്നു നീക്കാൻ സിപിഐയിൽനിന്നു കടുത്ത സമ്മർദമുണ്ട്. ഇന്നും തീരുമാനം നീണ്ടുപോയാൽ യുക്തമായ പ്രതികരണം ഉണ്ടാകുമെന്നു സിപിഐയുടെ ഉന്നത കേന്ദ്രങ്ങൾ വ്യക്തമാക്കി.

 തെളിവു ലഭിക്കട്ടെയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഡിജിപിയോട് ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോർട്ട് മാത്രം വാങ്ങി തീരുമാനം എടുത്തേക്കാമെന്നു സൂചനയുണ്ട്. അതല്ല, 14 മുതൽ 4 ദിവസത്തേക്കുള്ള അജിത്തിന്റെ അവധി മാറ്റത്തിനുള്ള അവസരമാക്കാനാണ് ഉദ്ദേശ്യമെന്ന വാദവുമുണ്ട്. 

‘ആ മൗനം’ വെടിയാതെ മുഖ്യമന്ത്രിയുടെ മറുപടി

ആർഎസ്എസ്, അൻവർ വിവാദങ്ങളെ തൊടാതെ പ്രസംഗം

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ– ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ചോ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തെക്കുറിച്ചോ മിണ്ടാതെ, സിപിഎമ്മിനുമേൽ ആരോപിക്കപ്പെട്ട ആർഎസ്എസ് ബന്ധത്തിനുമാത്രം മുഖ്യമന്ത്രിയുടെ മറുപടി. ആർഎസ്എസ് ബന്ധമുള്ളത് കോൺഗ്രസിനാണെന്ന് ഉദാഹരണങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു കോവളം ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തുള്ള പ്രസംഗം.

സിപിഎമ്മിന് ആർഎസ്എസ് ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം കേന്ദ്രീകരിച്ച് മലയാള മനോരമ തന്നോടു 10 ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അൻവർ, ആർഎസ്എസ് വിവാദങ്ങൾക്കുശേഷം രാഷ്ട്രീയവേദിയിൽ അദ്ദേഹത്തിന്റെ ആദ്യപ്രസംഗമായിരുന്നു ഇത്. ഇതേ വേദിയിൽ പ്രസംഗിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അൻവറിനെയും എഡിജിപിയെയും പരാമർശിച്ചപ്പോഴാണ്, മുഖ്യമന്ത്രി ഇരുകാര്യങ്ങളിലും മൗനം തുടർന്നത്.

∙ ആർഎസ്എസ് പ്രധാന സംഘടനയാണെന്നും അതിന്റെ നേതാവിനെ എഡിജിപി കണ്ടതിൽ അപാകതയില്ലെന്നുമുള്ള സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയ്ക്കു പ്രാധാന്യം പാടില്ല. ഊഴംവച്ച് ആർഎസ്എസ് മേധാവികളെ അജിത്കുമാർ കാണുന്നതെന്തിനെന്നും അറിയണം.- ബിനോയ് വിശ്വം, സിപിഐ സംസ്ഥാന സെക്രട്ടറി

English Summary:

LDF and cabinet meetings are crucial about RSS meeting and Ajithkumar issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com